Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റ്

0 0 1915 | 27-Nov-2020 | Stories
Author image

Ranju Kilimanoor

Follow the author
എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റ്

പേര് : എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റ് 

പാർട്ട്‌ : 1

ഒറിജിൻ : അലക്സി കഥകൾ 

രചന : രഞ്ജു കിളിമാനൂർ 

 

 

ഞാൻ കുറച്ച് നാളായി നാട്ടിലായിരുന്നു..

പുതിയ കേസുകൾ എന്തെങ്കിലും വരികയാണെങ്കിൽ വിളിക്കാമെന്ന് പിരിയുമ്പോൾ അലക്സി പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അലക്സിയെ അങ്ങോട്ട്‌ വിളിച്ച് കാര്യങ്ങൾ തിരക്കാൻ പോലും മറന്നിരുന്നു.. അങ്ങനെയിരിക്കവേയാണ്  അവിചാരിതമായി അലക്സിയുടെ കാൾ അന്ന് രാവിലെ എന്നെത്തേടിയെത്തിയത്..

 

"ജോൺ എങ്ങനെ പോകുന്നു ജീവിതം?? "

 

"സുഖം അലക്സി... നിങ്ങൾക്ക് സുഖമാണോ ?? എങ്ങനെ പോകുന്നു കാര്യങ്ങളൊക്കെ ?? പുതിയ ഓഫീസ് എങ്ങനുണ്ട് ? സ്റ്റാഫുകൾ ആരെങ്കിലും പുതുതായി  വന്നിട്ടുണ്ടോ ?? "

 

"ജോൺ, ഓഫീസിൽ പുതിയ രണ്ട് മൂന്ന് സ്റ്റാഫുകളെ കൂടി അപ്പോയ്ന്റ് ചെയ്തിട്ടുണ്ട്. സ്വന്തമായി അന്വേഷണം നടത്താൻ കെൽപ്പുള്ള മൂന്ന് പേരെ തന്നെയാണ് നിയമിച്ചത്. എന്നാലും കേസ് എന്തെങ്കിലും വന്നാൽത്തന്നെ കൃത്യമായ നിരീക്ഷണങ്ങൾക്ക് വേണ്ടി അവർ എന്നെ കോൺടാക്ട് ചെയ്യാറുണ്ട്. അത്‌ കൊണ്ട് തന്നെ കോട്ടയത്തെ ഓഫീസ് അവരെ ഏൽപ്പിച്ചിട്ട്  ഞാനിപ്പോ പൂർണമായും തിരുവനന്തപുരത്തെ നമ്മുടെ പുതിയ  ഓഫീസിലാണ്.. താമസവും അതിനോട് ചേർന്നുള്ള കെട്ടിടത്തിൽ തന്നെ.

നിങ്ങൾ പോയതിനു ശേഷം അത്ര നല്ല കേസുകൾ ഒന്നും തന്നെ വന്നിരുന്നില്ല.  കിട്ടിയതെല്ലാം ചെറിയ ചെറിയ കേസുകളും. എന്നാൽ ഇന്നലെ ഒരു നല്ല കേസ് വന്നിട്ടുണ്ട്. അല്പം വ്യത്യസ്തത തോന്നിയത് കൊണ്ടാണ് നിങ്ങളെക്കൂടി കൂട്ടാം എന്ന് കരുതിയത്.  

തിരക്കുകളൊന്നുമില്ലെങ്കിൽ ഇന്ന് തന്നെ  തിരുവനന്തപുരത്തേയ്ക്ക്  വരൂ.. നമുക്ക്  കുറച്ച് ദിവസത്തെയ്ക്ക് ശരിക്കും  ജോലിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...!" 

 

"വിളിച്ചതിനു വളരെ നന്ദി അലക്സി..

ഇവിടെ കുറച്ചു കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്.. 

എന്നാലും എത്രയും പെട്ടെന്ന് തന്നെ  തിരിക്കാം. ഏകദേശം ഉച്ചയോടെ അങ്ങെത്താമെന്ന് കരുതുന്നു..."

 

"എനിക്കറിയാം സുഹൃത്തേ നിങ്ങൾക്ക് കേസന്വേഷണം എത്രയധികം ഇഷ്ടമാണെന്ന്....!!

 

"പക്ഷേ ജോൺ ഈ കേസ് അല്പം വ്യത്യസ്തമാണ്. ഇത് നമ്മൾ  ഏറ്റെടുക്കണമെങ്കിൽ തന്നെ  രണ്ട് പേരും ഉച്ചയ്ക്ക് മുൻപായി കണ്ട് മുട്ടണം...! അതുകൊണ്ട്  നിങ്ങൾ എത്രയും വേഗം  തിരുവനന്തപുരത്ത് എത്തിയേ പറ്റൂ.."

 

"തീർച്ചയായും അലക്സി...

പക്ഷേ താങ്കൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട് കേട്ടോ....

എല്ലാ കേസന്വേഷണവും അത്രയ്ക്കങ്ങോട്ട്‌  ഇഷ്ടമല്ല...

ഹോംസിന്റെയോ നിങ്ങളുടെയോ ഒക്കെ  അന്വേഷണമാണെങ്കിൽ മാത്രം...!"

 

"രാവിലെ തന്നെ സോപ്പിട്ടു പതപ്പിക്കുകയാണല്ലോ....ജോൺ...ഹഹ..!

 

പിന്നെ നമ്മുടെ കഴിഞ്ഞ കേസ്  'മൂന്നാമത്തെ തുന്നിക്കെട്ട്' എന്ന പേരിൽ താങ്കളെഴുതിയത് മൊത്തം വായിച്ചു കേട്ടോ.... 

ഒരു കാര്യം തുറന്ന് പറയാം...

നിങ്ങൾ ഇതുവരെ എഴുതിയ കഥകളിൽ  ഏറ്റവും മനോഹരം മൂന്നാമത്തെ തുന്നിക്കെട്ട് തന്നെയാണ്... തികച്ചും ഉദ്വേഗജനകം...!  ആര്യങ്കാവിലെ ആ യാത്രയൊക്കെ വായിച്ചപ്പോൾ ശരിക്കും ഒന്നുകൂടി അവിടെ പോയൊരു ഫീൽ തോന്നി..!"

 

"താങ്ക്സ് അലക്സി.."

 

"നന്ദി നിങ്ങൾക്കാണ് ഞാൻ പറയേണ്ടുന്നത് മിസ്റ്റർ ജോൺ.. താങ്കളുടെ കുറിപ്പുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഈ പാവം  അലക്സിയെ ആരും തന്നെ തിരിച്ചറിയില്ലായിരുന്നു..."

 

"പാവമോ നിങ്ങൾ ഭയങ്കരനാണ് അലക്സി.."

 

"ഹഹഹ...!

 

അപ്പോൾ ജോൺ ഇന്ന് ഉച്ചയ്ക്ക് മുൻപായി നിങ്ങൾ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. യാത്ര തിരിക്കുമ്പോൾ എന്നെ വിളിക്കുക, ഞാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്ന് താങ്കളെ സ്വീകരിച്ചോളാം..."

 

"ശരി അലക്സി അപ്പോൾ ഉച്ചയ്ക്ക് കാണാം.."

 

കാൾ കട്ടായി 

 

ഞാൻ രാവിലെ തന്നെ വീട്ടിലെ ജോലികൾ എല്ലാം തീർത്തിട്ട് ട്രെയിനിൽ  തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. 

ഉച്ചയ്ക്ക് ഒരു 01.30 കഴിഞ്ഞപ്പോഴേയ്ക്കും  ഞാൻ തമ്പാനൂർ സ്റ്റാന്റിലെത്തിയിരുന്നു.. വിളിച്ചു പറഞ്ഞതിൻ പ്രകാരം അലക്സി എനിക്ക് വേണ്ടി അവിടെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. 

 

പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ തന്നെ ക്ളീൻ ഷേവ് ചെയ്ത് സുന്ദരനായി എന്നെ കാത്ത്  നിൽക്കുന്ന അലക്സിയെ കണ്ടു..

എന്നെ കണ്ടതും അയാൾ ഓടി വന്ന് ആശ്ലേഷിച്ചു..

 

"വരൂ ജോൺ.. എത്ര നാളായി കണ്ടിട്ട്... 

നിങ്ങളൽപം തടിച്ചിട്ടുണ്ടെന്ന് തോന്നുന്നു"

 

"പക്ഷെ താങ്കൾ നന്നായി  മെലിഞ്ഞിട്ടുണ്ടലക്സീ....!"

 

അയാൾ എന്റെ ചെവിയിൽ വന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു 

 

"കുങ്ഭു  ചെറുതായി പഠിക്കുന്നുണ്ട്..."

 

ഒന്ന് രണ്ട് സ്റ്റെപ്പുകൾ കാണിച്ചിട്ട് മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ട് അയാൾ തന്നെ  ചിരിക്കാൻ തുടങ്ങി...

ഞാനും ചിരിച്ചു പോയി..

 

ഞങ്ങൾ ഇന്ത്യൻ കോഫീ ഹൗസിൽ കയറി ആഹാരം കഴിച്ചു. 

ആഹാരം കഴിച്ചു പുറത്തിറങ്ങിയ എന്നെ  അലക്സി കാറിനടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി. 

ഒരു പഴയ നാനോ ആയിരുന്നു അത്‌.

അലക്സി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

 

"സെക്കന്റ് ഹാൻഡാ ജോൺ, ഒരു വട്ടൻ ഡോക്ടറുടെ അടുത്ത് നിന്നും വാങ്ങിയതാണ്...

അൻപതിനായിരം രൂപയ്ക്ക് കിട്ടി.. അധികം ഓടിയിട്ടുമില്ല..!"

 

ഞാൻ ചിരിച്ചു..

 

ഞങ്ങൾ നേരെ മ്യൂസിയത്തിലേക്കാണ് പോയത്. 

മ്യൂസിയത്തിലെ ആളൊഴിഞ്ഞ ഭാഗത്തെ ഒരു  കസേരയിൽ ഞങ്ങൾ ഇരുന്നു.

 

"ജോൺ....

 

നമ്മൾ ഇത്തവണ ഏറ്റെടുക്കുന്നതൊരു നോർമൽ കേസാകാൻ യാതൊരു സാധ്യതയുമില്ല...."

 

"മനസിലായില്ല അലക്സി.."

 

അയാൾ ഒരു കവറെടുത്ത് എന്റെ നേരെ നീട്ടി.

 

ഞാനത് വാങ്ങി നോക്കി.

അതിന്റെ പുറത്ത് 

 

To, 

Alexy,

House no. 14/ C

M.G Radhakrishnan Road,

Model school junction,

Thycaud,

Thiruvanandapuram.

 

എന്ന്  ടൈപ്പ് ചെയ്തിട്ടുണ്ടായിരുന്നു.

അതൊരു എൻവലപ്പ് കവർ ആയിരുന്നു.

അതിന് മുകളിലായി വെള്ള പേപ്പറിൽ  മേൽവിലാസം പ്രിന്റ് ചെയ്ത് ഒട്ടിച്ചിരിക്കുകയാണെന്ന് വ്യക്തമായി മനസിലാകും.

 

"എന്താണലക്സീയിത് ??" 

 

"തുറന്ന് നോക്കൂ ജോൺ...!"

 

ഉദ്വേഗത്തോടെ ഞാനത് പൊട്ടിച്ചു നോക്കി.. 

ഉള്ളിൽ ഒരു A 4 സൈസ് പേപ്പർ നാലായി മടക്കി വെച്ചിട്ടുണ്ട്. ഞാൻ കടലാസ് നിവർത്തി നോക്കി.

അതിൽ ഇങ്ങനെ എഴുതിയിരുന്നു.

 

"താങ്കളെ പോലെ അതിബുദ്ധിമാനായ ഒരാൾക്ക് വേണ്ടി ഇത്രയും നാൾ ഞാൻ കാത്തിരിക്കുകയായിരുന്നു അലക്സി... 

അന്വേഷിച്ച കേസുകൾ എല്ലാം തന്നെ കുശാഗ്ര ബുദ്ധിയോടെ 

തെളിയിച്ച നിങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്.. 

ഇപ്പോളെനിക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. താങ്കൾക്ക് മാത്രമേ എന്നെ സഹായിക്കാൻ സാധിക്കുകയുള്ളൂ എന്നത് കൊണ്ടാണ് ഇങ്ങനെയൊരു കത്തയക്കുന്നത്.. ഞാൻ നിഗൂഢമായൊരു സമസ്യയിൽ അകപ്പെട്ടിരിക്കുകയാണ്.

അതിന്റെ ചുരുളഴിക്കാൻ താങ്കൾ എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

പ്രതിഫലം എത്ര തന്നെ തരേണ്ടി വന്നാലും  എനിക്കതൊരു പ്രശ്നമല്ല എന്നറിയുക...

നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഇങ്ങനൊരു കത്തയയ്ക്കുന്നത്. സാധിക്കുമെങ്കിൽ ഫെബ്രുവരി  21 ആം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഒരു മൂന്ന് മണിക്ക് മ്യൂസിയത്തിന് മുന്നിൽ വരിക.

അവിടെ നിങ്ങളെ കാത്ത് എന്റെ മാനേജരും ഡ്രൈവറും നിൽക്കുന്നുണ്ടാകും.

ഞങ്ങളുടെ കുടുംബത്തിൽ ആരും തന്നെ ഫോൺ ഉപയോഗിക്കാറില്ല.. 

അതിനൊരു കാരണവുമുണ്ട്....!

അതിനെപ്പറ്റി പിന്നീട് സംസാരിക്കാം എന്ന് കരുതുന്നു. ഇങ്ങനൊരു കത്തയയ്ക്കേണ്ടി വരുന്നത് അതുകൊണ്ടാണ്... നിങ്ങൾ മ്യൂസിയത്തിൽ എത്തിയ ശേഷം അതിനകത്തുള്ള  5 D തീയറ്ററിന്റെ മുൻവശത്തായി ആൾക്കാരെ അകത്തേക്ക് കയറ്റി വിടാൻ നിൽക്കുന്ന തൊപ്പി വെച്ച ഒരു കുറിയ മനുഷ്യനെ ചെന്ന് കാണുക.

മോഹൻ എന്നാണയാളുടെ പേര്.. 

അയാളെ അലക്സിയാണ് എന്ന് താങ്കൾ സ്വയം പരിചയപെടുത്തുക.

അയാൾ നിങ്ങൾക്ക് എന്റെ മാനേജരെ പരിചയപ്പെടുത്തും..... 

താങ്കൾ വരുമെന്ന ശുഭ പ്രതീക്ഷയോടെ 

 

ശ്രീകണ്ഠൻ മേനോൻ 

പ്ളാമറ്റം ഹൌസ് 

ഈഞ്ചക്കൽ

 

"അലക്സി, കത്ത് വായിച്ചിട്ട് എന്തോ ഒരപൂർണ്ണത ഫീൽ ചെയ്യുന്നുണ്ട്..." 

 

"ജോൺ ഇയാൾക്കെന്തോ സീരിയസായിട്ടുള്ള കഥയാണ്  നമ്മളോട് പറയാനുള്ളതെന്ന് കത്ത് വായിച്ചപ്പോൾ തോന്നി. അതുകൊണ്ടാണ് ഉച്ചയ്ക്ക് മുൻപായിത്തന്നെ എത്താൻ നിങ്ങളോട്  ഞാനാവശ്യപ്പെട്ടത്..."

 

"അലക്സീ ആ കുടുംബത്തിൽ ആരും ഫോൺ ഉപയോഗിക്കാത്തതിന് കാരണം എന്തായിരിക്കും ??"

 

"അതിനെ പറ്റി ആലോചിച്ചു നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.... പതിയെ നമുക്ക് മനസിലാക്കാൻ സാധിക്കും എന്ന് കരുതാം....!"

 

ഞാൻ വാച്ചിലേക്ക് നോക്കി.. സമയം രണ്ട് നാല്പത്  കഴിഞ്ഞിരുന്നു. 

 

"ജോൺ നമുക്ക് തീയേറ്ററിലേക്ക് നടക്കാം..."

 

അലക്സി മുൻപിൽ നടന്നു. ഞങ്ങൾ അല്പ സമയത്തിനുള്ളിൽ തന്നെ തീയറ്ററിൽ എത്തി..

കത്തിൽ പറഞ്ഞിരുന്ന പോലെ അവിടെയൊരു സെക്യൂരിറ്റിയുണ്ടായിരുന്നു..

നെയിം ബോർഡിൽ നിന്നും ഞാൻ അയാളുടെ പേര് വായിച്ചു നോക്കി..

 

'മോഹൻ'

 

അലക്സി ആ കുറിയ മനുഷ്യനെ സ്വയം പരിചയപ്പെടുത്തി. തൊപ്പിയൂരി ബഹുമാനം കാണിച്ച അയാൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. കത്തിൽ സൂചിപ്പിച്ചത് പോലെ തന്നെ അയാളുടെ മാനേജർ അവിടെ ഉണ്ടായിരുന്നു. അയാൾ അലക്സിയ്ക്ക് ഷെയ്ക്ക് ഹാൻഡ് നൽകി. അലക്സി അയാൾക്ക്‌ എന്നെയും പരിചയപ്പെടുത്തിക്കൊടുത്തു. ഒരു പത്തു മിനിറ്റിനുള്ളിൽത്തന്നെ ഞങ്ങൾ ഒരു മെഴ്സിഡസ് ബെൻസിലേക്ക് ആനയിക്കപ്പെട്ടു. റോഡിൽ അല്പം നല്ല  തിരക്കുണ്ടായിരുന്നതിനാൽ മാനേജരോടൊപ്പമുള്ള ബെൻസ് യാത്ര ഏകദേശം നാല്പത് മിനിറ്റോളം നീണ്ടു. 

ഒടുവിൽ  ഞങ്ങൾ ഈഞ്ചയ്ക്കലുള്ള അയാളുടെ കൊട്ടാര സദൃശമായ വീട്ടിൽ  എത്തിച്ചേർന്നു..

 

ആ വീടൊരു ആർക്കിടെക്ച്ചറൽ മിറേജ്‌ തന്നെയായായിരുന്നു. ഗേറ്റ് കടന്ന് മുന്നോട്ട് നടന്നപ്പോൾ തന്നെ  വീടിന് തൊട്ടു മുന്നിലായൊരു സ്വിമ്മിംഗ് പൂൾ കണ്ടു. പൂളിന്റെ വലത് ഭാഗത്തായി മുകളിലേക്കുള്ള സ്റ്റെയർ കെയ്‌സ് ഉണ്ടായിരുന്നു. അതിന്റെ ഓരോ പടികളും ഭിത്തിയിൽ തറച്ചു കയറിയ നിലയിലുള്ള പച്ച മാർബിൾ കഷ്ണങ്ങളായിരുന്നു. 

ഞങ്ങൾ ഹാളിലേക്ക് കടന്നു. 

ഞാൻ ആ വീടിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു..

അതിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്ന ആളാരായാലും അയാളെ അഭിനന്ദിച്ചേ മതിയാകൂ എന്ന് തോന്നിപ്പോയി..

അത്ര മനോഹരമായിരുന്നു ആ വീടിന്റെ ഉൾവശം..

പലതരം പായൽ ചെടികൾ അങ്ങിങ്ങായി പിടിപ്പിച്ചിട്ടുണ്ടായിരുന്നു.. അതും മറ്റെങ്ങും കണ്ടിട്ടില്ലാത്തവ..

 

ഞാൻ എന്റെ അടുത്തുള്ള കസേരയിൽ വെച്ചിരുന്ന ഒരെണ്ണത്തിന്റെ നീണ്ട ചുവന്ന ദളങ്ങളിൽ സ്പർശിക്കാൻ ഒരുങ്ങി..

 

പെട്ടെന്ന് അലക്സി എന്റെ കയ്യിൽ കയറി പിടിച്ചു....

അയാൾ എന്റെ ചെവിയിലേക്ക് വന്ന് പറഞ്ഞു..

 

"ജോൺ ഈ ചെടി കണ്ടിട്ട് ഫ്‌ളവർ ഉർക്കിന്റെ പോലുണ്ട്, ന്യൂറോ ടോക്സിക്ക് ആയ ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടിയാണ് ഫ്‌ളവർ ഉർക്കിൻ. പക്ഷെ ഇത് സാധാരണയായി വെള്ളത്തിന് അടിയിലായി കിടക്കുന്ന ഒരു സാധനമാണ് ഇത് കസേരയിൽ എങ്ങനെ വന്നു എന്നാണ് ഞാൻ....."

 

മുഴുമിപ്പിക്കാതെ അലക്സി മുകളിലേക്ക് നോക്കി.

എന്നിട്ട് തുടർന്നു..

 

"ജോൺ മുകളിൽ തൂക്കിയിട്ടിരിക്കുന്ന ഗ്ലാസ്സ് ടംബ്ലർ പോലുള്ള കൂട് കണ്ടോ..."

 

ഞാൻ അങ്ങോട്ട്‌ നോക്കി..

 

"തൂക്കിയിട്ടിരുന്ന കയറുകളിൽ ഒരെണ്ണം  പൊട്ടിയപ്പോൾ ആ കൂട് ചരിഞ്ഞിട്ടുണ്ടാകണം..  

അതിൽ നിന്നും താഴേയ്ക്ക്  വീണതാണ് ഇവൻ..!"

 

അലക്സി ഫ്ലോറിലെ വെള്ളം ചൂണ്ടി കാണിച്ചു തന്നു. 

ഇതെല്ലാം കണ്ട് മാനേജർ ശിവദാസൻ അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു. 

 

അയാൾ ജോലിക്കാരനെ വിളിച്ച് അതിനെയെടുത്ത് പഴയ പോലെ കൂടിനുള്ളിലാക്കാൻ ചട്ടം കെട്ടി..

അലക്സി അയാളോട് കയ്യുറ ഉപയോഗിച്ച് ചെയ്യാൻ ആവശ്യപ്പെട്ടു..

പെട്ടെന്ന് ഒരു കയ്യടി മുഴങ്ങിക്കേട്ടു..

ഞങ്ങൾ തിരിഞ്ഞു നോക്കി..

 

ഒരാൾ ഞങ്ങളെയെല്ലാം നിരീക്ഷിച്ചു കൊണ്ട് നിൽക്കുകയാണ്....തൂവെള്ള നിറത്തിലുള്ള ഷർട്ടും നീലയും പച്ചയും കലർന്ന നിറമുള്ള പാന്റ്സും ആയിരുന്നു അയാളുടെ വേഷം..

 

" അലക്സി...!" അയാൾ മന്ത്രിച്ചു..

 

അയാളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് കാണാമായിരുന്നു..

അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

തറയിൽ നിന്നും എഴുന്നേറ്റിറ്റ് അലക്സി അയാളെ നോക്കി  ചിരിച്ചു.. 

 

അയാൾ ഞങ്ങൾക്കെതിരെയുള്ള ഒരു  കസേരയിൽ കയറി ഇരുന്നു. ഞങ്ങളോട് ഇരിക്കാൻ ആഗ്യം കാട്ടി..

 

"നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരുപാട് കേട്ടിട്ടുണ്ട് നിങ്ങളെപ്പറ്റി.. നിങ്ങൾ തെളിയിച്ച പല കേസുകളെപ്പറ്റിയും വിശദമായിത്തന്നെ  പഠിച്ചിട്ടുമുണ്ട്... തെളിവില്ലാത്തിടത്ത് നിന്നും തെളിവുകൾ കണ്ടെടുക്കുന്ന നിങ്ങളുടെ രീതി എനിക്ക് ശരിക്കും ഇഷ്ടമായി... നിങ്ങൾക്ക് വെല്ലുവിളി ഉയർത്താൻ പോന്ന തരത്തിലുള്ള ഒരു കേസ് നിങ്ങളെ ഏൽപ്പിക്കാനാണ് സുഹൃത്തേ ഞാൻ നിങ്ങൾക്കാ കത്തയച്ചത്.."

 

ഞാൻ അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു..

ഏകദേശം 70 വയസ്സ് തോന്നിക്കുന്ന അയാളുടെ മുഖത്ത് ആഢ്യത്വവും നിശ്ചയദാർഢ്യവും സമാസമം നിറഞ്ഞു നിന്നിരുന്നു. 

വലത് കണ്ണിനു താഴെയായി അയാൾക്കൊരു കറുത്ത മറുകുണ്ടായിരുന്നു. ഞാൻ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കിയപ്പോൾ എന്റെ കണ്ണിലേക്കു തീക്ഷ്ണമായി നോക്കിക്കൊണ്ട് അയാൾ തുടർന്നു..

 

"പക്ഷെ എന്റെ കേസ് തികച്ചും വ്യത്യസ്തവും അതിലുപരി നിഗൂഢവുമാണ്..!

മൂന്ന് മാസങ്ങൾക്ക് മുൻപ് ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് അയാൾ എന്നെ കാണാൻ വന്നത്.. 

അയാൾ സ്വയം എഡ്വിൻ എന്ന്  പരിചയപ്പെടുത്തി..

അയാളൊരു പ്രൊഫഷണൽ  മജീഷ്യനാണെന്നയാൾ കൂട്ടിച്ചേർത്തു..

അയാൾ ഒരു സാധാരണക്കാരനേയല്ലായിരുന്നു എന്ന് ഞാൻ ആദ്യമേ തന്നെ പറഞ്ഞോട്ടെ...

മികച്ച വാഗ്മിയും അറിവിന്റെ ഭണ്ഡാരവുമായിരുന്നു അയാൾ..  

അയാളുടെ ഏറ്റവും പുതിയ മാജിക് വിദ്യ എന്റെ മുന്നിൽ അവതരിപ്പിച്ചു കാണിക്കാൻ വേണ്ടിയാണ്  അയാൾ എന്നെ തിരക്കി വന്നത് എന്നയാൾ വ്യക്തമാക്കി..

എന്നെ പോലൊരാൾ പത്ര മാധ്യമങ്ങളിൽ മാജിക്കിനെ പറ്റി  അഭിപ്രായം പറഞ്ഞാൽ 

അത്‌ കൂടുതൽ പേർ ശ്രദ്ധിക്കപ്പെടുമെന്നും അതിലൂടെ അയാൾ പ്രശസ്തനാകുമെന്നും അയാളെന്നെ വിശ്വസിപ്പിച്ചു..

 

ഹൌഡിനി എസ്കേപ്പിന്റെ മറ്റൊരു പതിപ്പായിരുന്നു അയാളുടെ മാസ്റ്റർ പീസ് ഐറ്റം.. 

അതിനെക്കുറിച്ചാണയാൾ വളരെയധികം  വാചാലനായി...

അയാളിൽ ആകൃഷ്ടനായ എനിക്ക് ആ മാജിക് കാണണമെന്ന് അതിയായ ആഗ്രഹം തോന്നി. അന്ന് തന്നെ അയാളുടെ മാജിക് പ്ലാനറ്റിലേക്കയാൾ എന്നെ കൂട്ടിക്കൊണ്ട് പോയി. അതൊരു മാന്ത്രികപ്പുരയായിരുന്നു..

അയാളുടെ കൂടെ രണ്ട് മൂന്ന് ജോലിക്കാർ ഉണ്ടായിരുന്നു കൂടെ ഒരു മാനേജരും. അവർ എന്നെ അകത്തേക്ക് ക്ഷണിച്ചു. സ്റ്റേജിനു മുന്നിലായി എന്നെ കാഴ്ചക്കാരനാക്കി ഇരുത്തിക്കൊണ്ട് ഇരുമ്പ് കൊണ്ടുണ്ടാക്കിയ ഒരു കൂടിനുള്ളിൽ എഡ്വിൻ  ഒരാളെ ബന്ധിച്ചു. 

അയാളുടെ കൈകളിൽ പൂട്ടിട്ട ശേഷം പൂട്ട് ലോക്ക് ചെയ്തു. തൊട്ട് പിന്നാലെ അയാൾ  ആ താക്കോലെടുത്ത് പുറത്തേക്കെറിഞ്ഞു...

ഞാൻ എന്റെ സീറ്റിൽ ഇരുന്ന് കൊണ്ട് അയാളുടെ ചെയ്തികൾ ആസ്വദിച്ചു കൊണ്ടിരുന്നു. പെട്ടെന്നയാൾ എന്നോട് കടന്നു വരാൻ ആവശ്യപ്പെട്ടു. 

ഞാൻ ഒന്നറച്ചു കൊണ്ട് സ്റ്റേജിലേക്ക് കയറി.

അയാൾ ഒരു തീപ്പട്ടി എടുത്ത് കയ്യിൽ തന്നിട്ട് കൂട്ടിലുള്ളയാൾ  കിടക്കുന്നതിന് ചുറ്റുമുണ്ടായിരുന്ന വൈക്കോൽ കത്തിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഒന്ന് ഭയന്നു. കൂടിന്റെ വലത് വശത്തുള്ള വൈക്കോലിലാണോ അതോ ഇടത് ഭാഗത്തുള്ള വൈക്കോലിലാണോ തീ കൊടുക്കേണ്ടത് എന്നെനിക്കറിയില്ലായിരുന്നു.

ഞാൻ സംശയത്തോടെ അയാളെ മുഖമുയർത്തി നോക്കി. ആ സമയം അയാൾ ഡയറിയിൽ എന്തോ കുറിക്കുകയായിരുന്നു.

മാനേജർ ധൈര്യമായി കൊളുത്താൻ എന്നോട് ആംഗ്യം കാണിച്ചു..

ഞാൻ വലത് ഭാഗത്തെ വൈക്കോലിന് തീ കൊടുത്തു. വൈക്കോലിന് തീ പിടിക്കുകയും അയാൾ ഉള്ളിൽ കിടന്നു നിലവിളിക്കാനും തുടങ്ങി.. എഡ്വിൻ എന്റെ മുന്നിലേക്ക് വന്നിട്ട് ആക്രോശിച്ചു..

 

"നിങ്ങളോട് ഇടത് ഭാഗത്തെ കൂടിനുള്ളിൽ തീ കത്തിക്കാനല്ലേ പറഞ്ഞത് ?? നിങ്ങൾ എന്തിനാണ് വലത് വശം കത്തിച്ചത് ?? "

 

അയാളുടെ വാക്കുകൾ കേട്ടു ഞാൻ സ്തബ്ധനായി നിന്നു പോയി. കൂടിനുള്ളിൽ അയാൾ തീ കത്തി നിന്നു പിടയുന്നത് കാണാമായിരുന്നു. അയാളുടെ ശരീരം കരിഞ്ഞ്  നാറ്റം വരാൻ തുടങ്ങി. ഞങ്ങൾ കൂട് തുറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

എന്നാൽ അയാളെ രക്ഷിക്കാൻ മാത്രം സാധിച്ചില്ല. പാതി വെന്ത ആ മനുഷ്യൻ ഉള്ളിൽ കിടന്ന്  അലറിക്കരഞ്ഞു കൊണ്ടേയിരുന്നു..

ബാക്കിയുള്ള എല്ലാവരും വെള്ളമെടുക്കാൻ ചുറ്റിനും ഓടി.. ടാങ്കിൽ വെള്ളമിലായിരുന്നതിനാൽ ഞങ്ങൾക്ക് നിസഹായരായി നോക്കി നിൽക്കാനേ പറ്റിയുള്ളൂ..

ഒടുവിൽ അയാൾ ഒരുപിടി ചാരമായി മാറി.

എന്റെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു...

 

അയാൾ എഡ്വിന്റെ  ഭാര്യാ സഹോദരൻ ആയിരുന്നുവെന്നെനിക്കു പിന്നീടാണ്  മനസിലായത്. 

ഞാൻ ശരിക്കും തകർന്നു പോയിരുന്നു.

ജീവിതത്തിൽ ഒരു കൊതുകിനെ പോലും ഉപദ്രവിക്കാത്ത ആളാണ് ഞാൻ...

ഇതിപ്പോ അറിഞ്ഞു കൊണ്ട് ഒരാളെ പച്ചയ്ക്ക് കത്തിച്ചു കൊന്നു.. 

ആ നടുക്കം എന്നെ വിട്ടു പോയിരുന്നില്ല... മണിക്കൂറുകൾ കഴിഞ്ഞു.. 

അവന്റെ ശരീരത്തിലെ എല്ലുകളും ചാരവും  മാത്രമായി ബാക്കി..

അലറിക്കരഞ്ഞു കൊണ്ടിരുന്ന  എഡ്വിൻ കുറച്ച് നേരത്തിനു ശേഷം  അല്പം ശാന്തനായി.. അയാൾ എന്റെ കയ്യിൽ വന്ന് പിടിച്ചു..

 

"അവളുടെ ഒരേയൊരാങ്ങളയാണ് ഈ കിടക്കുന്നത്.. നിങ്ങളുടെ ഭാഗത്ത്‌ തെറ്റുണ്ടെന്നല്ല ഞാൻ പറയുന്നത്. പക്ഷെ എന്തൊക്കെ ആയാലും ഇതൊരു സ്വാഭാവിക മരണമല്ലല്ലോ.

എന്നെങ്കിലും ഇതിനൊരുത്തരം നമ്മൾ നൽകിയല്ലേ പറ്റൂ...!"

 

അയാളുടെ ഓരോ വാക്കുകളും എന്നിൽ കൂരമ്പ് പോലെ തറച്ചിറങ്ങുന്നത് ഞാനറിഞ്ഞു..

ഞാൻ ആകെ വിഷമത്തിലായി. 

 

അയാളുടെ ചാരവും എല്ലിൻ കഷ്ണങ്ങളും എഡ്വിന്റെ ആൾക്കാർ ഒരു ചാക്കിനുള്ളിൽ പൊതിഞ്ഞു കെട്ടി. 

വീട്ടിൽ കൊണ്ട് ചെന്ന് അടക്കാനാണ് അയാളുടെ പ്ലാൻ എന്ന് അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി.

 

പോകാൻ നേരം ഞാൻ അയാളുടെ കൈകളിൽ പിടിച്ച് പൊട്ടിക്കരഞ്ഞു..

അറിഞ്ഞു കൊണ്ട് ചെയ്തതല്ലെന്നും ഇനിയൊരിക്കലും തിരിച്ചു തരാൻ പറ്റാത്തതാണ് ഞാൻ നഷ്ടപ്പെടുത്തിയതെന്നും അയാളോട് പറഞ്ഞു..

അയാൾ എന്റെ കണ്ണുകൾ തുടച്ചു തന്നിട്ട് പൊയ്ക്കോളാൻ പറഞ്ഞു..

ഞങ്ങൾ മടങ്ങി..

വീട്ടിൽ ചെന്നിട്ടും എനിക്ക് മനസമാധാനം തീരെ കിട്ടിയില്ല..

 

പിറ്റേന്ന് തന്നെ മരിച്ചയാളിന്റെ വീട്ടുകാർക്ക്  കുറച്ച് കാശ് കൊണ്ട് കൊടുക്കാം എന്ന് കരുതി ഞാൻ ആശ്വസിച്ചു..

അതിൻ പ്രകാരം തൊട്ടടുത്ത ദിവസം  പത്തു ലക്ഷം രൂപയുമായി ആ സ്ഥലത്തെത്തിയ  ഞാൻ ശരിക്കും ഞെട്ടിപ്പോയി..

 

മാജിക് പ്ലാനറ്റ് നിന്ന സ്ഥലത്ത് അങ്ങനൊരു 

സാധനമേയില്ല.. 

ഞാൻ കുറച്ച് താഴെയായി ഉണ്ടായിരുന്ന കടകളിലൊക്കെ മാജിക് പ്ലാനറ്റിനെയും എഡ്വിനെയും  കുറിച്ച് അന്വേഷിച്ചു നോക്കി. എന്നാൽ അവരാരും അങ്ങനൊരാളെയോ അങ്ങനൊരു പ്ലാനറ്റ് ഹൗസൊ കണ്ടിട്ടുണ്ടായിരുന്നില്ല. 

 

ഞാനും മാനേജർ ശിവദാസനും അന്തംവിട്ടു..

അത്രയും വലിയൊരു പ്ലാനറ്റ് പെട്ടെന്ന് ഒരു ദിവസം കൊണ്ട്  ഇല്ലാതായി എന്ന് വിശ്വസിക്കാൻ അല്പം മനപ്രയാസമുണ്ടായിരുന്നു. അതിന് മുൻപോ അതിന് ശേഷമോ എഡ്വിൻ എന്ന് പേരുള്ള ഒരു മജീഷ്യനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല.!! 

 

വീട്ടിലെത്തിയ ഞങ്ങൾ അയാളെ കുറിച്ച് ഗൂഗിൾ ചെയ്തു നോക്കി...! നിരാശയായിരുന്നു ഫലം..

പലരോടും അയാളെപ്പറ്റി അന്വേഷിച്ചു  നോക്കി.. പക്ഷേ അങ്ങനൊരു മജീഷ്യൻ ഉണ്ടായിരുന്നുവെന്ന് പോലും എല്ലാവർക്കും പുതിയ അറിവായിരുന്നു...

 

അയാളുടെ ലക്ഷ്യം ബ്ലാക്ക് മെയിലിങ് ആയിരുന്നുവെങ്കിൽ ഈ മൂന്ന് മാസത്തിനിടയിൽ എപ്പോൾ വേണമെങ്കിലും അയാൾക്കെന്നെ വിളിക്കാമായിരുന്നല്ലോ.. ഈ സംഭവത്തിന്‌ ശേഷം അതിന്റെ പേരിൽ ഒരു രൂപ പോലും അയാളെന്നോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുമില്ല. എനിക്കാണെങ്കിൽ കുറ്റബോധം കൊണ്ട് ഒന്നുറങ്ങാൻ പോലും പറ്റുന്നില്ല. കുറേ നാളായി  ഈ സങ്കടവും ഉള്ളിൽ വെച്ചു കൊണ്ട് നടക്കുന്നു. 

ഇനിയെങ്കിലും ഒരു പരിഹാരം കണ്ട് പിടിക്കണം എന്ന് തോന്നിയത് കൊണ്ടാണ് നിങ്ങൾക്ക് കത്തയച്ചതും നിങ്ങളിപ്പോൾ ഇവിടെ ഇരിക്കുന്നതും.."

 

അലക്സി ഒന്നു മുന്നോട്ടാഞ്ഞു കൊണ്ട് അയാളോട് ചോദിച്ചു..

 

"അപ്പോൾ പോലീസ് അറിഞ്ഞാൽ ഈ കേസ് നിങ്ങൾക്കെതിരായി തിരിയാൻ സാധ്യതയുള്ളത് കൊണ്ടാണപ്പോൾ നിങ്ങളീ  കേസ് എന്നെ ഏൽപ്പിക്കുന്നത്...??"

 

"തീർച്ചയായും നിങ്ങളുടെ നിഗമനം ശരി തന്നെയാണ്...അത് പോലെ തന്നെ.."

അയാളുടെ തൊണ്ട ഇടറി. അയാൾ അല്പം വെള്ളം വേണമെന്ന് മാനേജരോട് ആംഗ്യം കാണിച്ചു.. 

അലക്സി ഏറു കണ്ണിട്ട് എന്നെയൊന്നു നോക്കി..

 

  .....................................................................................................................................

 ഡോയൽ ജൂനിയർരണ്ഞു കിളിമാനൂറിന്റെ കഥകൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയതിനാൽ പുസ്തകത്തിന്റെ വിപണനാർത്ഥം "എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റ് തുടർന്നുള്ള ഭാഗങ്ങൾ എന്റെസൃഷ്ടിയുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു.

കഥ തുടർന്ന് വായിക്കുവാൻ "ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾഎന്ന പുസ്തകം ഓൺലൈൻ ആയി വാങ്ങാവുന്നത്ആണ്.

കഥാകാരനെ നേരിട്ട് ബന്ധപ്പെട്ടു പുസ്തകം വാങ്ങാനായി  നമ്പറിൽ ബന്ധപ്പെടുക9567583490

 

-എന്റെ സൃഷ്ടി അഡ്മിൻസ്.

 

 

>

Author image

Ranju Kilimanoor

രഞ്ജു കിളിമാനൂർ : പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌ കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ.. പ്ലസ് ടു വരെ അവിടെ തുടർന്നു. കണക്കിനോട്‌ പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബിരുദം കണക്കിൽ തന്നെ ആയിക്കോട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.. അങ്ങനെ 2005-ൽ വർക്കല SN കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം കറസ്പോണ്ടൻസായി പിജി ചെയ്തു. എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാൽ 3 മാസം കൊണ്ട് കോഴ്സ് പ

14 comments

Comment author
Albert Flores
5 hours ago

Lorem ipsum dolor sit amet, consectetur adipiscing elit. Proin tellus lectus, tempus eu urna eu, imperdiet dignissim augue. Aliquam fermentum est a ligula bibendum, ac gravida ipsum dictum. Class aptent taciti sociosqu ad litora torquent per conubia nostra, per inceptos himenaeos. Curabitur suscipit quam ut velit condimentum, nec mollis risus semper. Curabitur quis mauris eget ligula tincidunt venenatis. Sed congue pulvinar hendrerit.

Comment author
Jenny Wilson
2 days ago at 9:20

Pellentesque urna pharetra, quis maecenas. Sit dolor amet nulla aenean eu, ac. Nisl mi tempus, iaculis viverra vestibulum scelerisque imperdiet montes mauris massa elit pretium elementum eget tortor quis

Comment author
Ralph Edwards
2 days ago at 11:45

@Jenny Wilson Massa morbi duis et ornare urna dictum vestibulum pulvinar nunc facilisis ornare id at at ut arcu integer tristique placerat non turpis nibh turpis ullamcorper est porttitor.

Comment author
Esther Howard
May 19, 2022

Donec et sollicitudin tellus. Duis maximus, dui eget egestas mattis, purus ex tempor nulla, quis tempor sapien neque at nisl. Aliquam eu nisi ut nisl ultrices posuere. Praesent dignissim efficitur nisi, a hendrerit ipsum elementum sit amet. Vivamus non ante nisl. Nunc faucibus velit at eros mollis semper.

Leave a comment

Please enter your name!
Please provide a valid email address!
Please enter a comment message!