Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

ശവപ്പെട്ടിയിലെ രഹസ്യം

0 0 3172 | 18-Oct-2017 | Stories
Author image

Ranju Kilimanoor

Follow the author
ശവപ്പെട്ടിയിലെ രഹസ്യം

രചന : രഞ്ജു കിളിമാനൂർ
ഭാഗം 1

ഞാൻ അവിടെയെല്ലാം അരിച്ചു പെറുക്കി.. ആ പേപ്പർ കാണാനില്ല. ഈ മുറി മറ്റാരും ഉപയോഗിച്ചിട്ടില്ല.. പിന്നെങ്ങനെ ആ ഒരു കടലാസ് മാത്രം കാണാതാകും.. ഒരു പക്ഷേ മറ്റാരെങ്കിലും ഈ റൂമിൽ അതിക്രമിച്ചു കടന്നു കാണുമോ ?? ഞാൻ റൂമിനു പുറത്തിറങ്ങി കയ്യിൽ ഉള്ള താക്കോൽ കൊണ്ട് വാതിൽ പൂട്ടി നോക്കി.. പൂട്ടിനു യാതൊരു തകരാറും സംഭവിച്ചിട്ടില്ല. ആകെ സംശയിക്കേണ്ടത്‌ ഈ വീടിന്റെ മുതലാളിയെയാണ്. അയാളാകട്ടെ ഒരാഴ്ചയായി ഡെങ്കു പനി പിടിച്ചു കിടപ്പിലാണ്. ഒരു കാരണവശാലും അയാൾക്ക്‌ കടലാസ് എടുക്കാൻ സാധ്യമല്ല. ഞാൻ അലക്സിയെ ഫോണിൽ വിളിച്ചു.
"താങ്കളെ എത്രയും പെട്ടെന്ന് എനിക്ക് കാണേണ്ടതുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം താങ്കളോട് സംസാരിക്കേണ്ടതുണ്ട്.."

അലക്സി : " മിസ്റ്റർ ജോൺ എന്നെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമുക്ക് വൈകുന്നേരം മാത്രമേ കാണാൻ സാധിക്കുകയുള്ളൂ... താങ്കൾക്ക് സമ്മതമാണോ ??"
ഞാൻ സമ്മതിച്ചു.. ഫോൺ ഡിസ്കണക്ട് ആയി.
വൈകുന്നേരം അലക്സിയെ കാണാൻ വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തി.. അത്യാവശ്യം വേണ്ട രേഖകൾ എല്ലാം ബാഗിൽ വെച്ച ശേഷം ഞാൻ ഒരു റിക്ഷ പിടിച്ച് റെയിൽവേ സ്റ്റെഷനു മുൻപിൽ ചെന്നിറങ്ങി.. എന്നെ ആരോ പിന്തുടരുന്ന പോലെ പലപ്പോഴും എനിക്ക് തോന്നിയിരുന്നു. സമയം 4. 40 ആയി. മലബാർ എക്സ്പ്രസ് വന്നു നിന്നു. ഞാൻ അവിടെയാകെ അയാളെ തിരഞ്ഞു... "ഹലോ മിസ്റ്റർ ജോൺ... ഒരുപാട് സമയമായോ താങ്കൾ എത്തിയിട്ട് ??"
ഞാൻ ചോദ്യം കേട്ടു തിരിഞ്ഞു...
അലക്സി..
ആൾ നല്ല വണ്ണം വെച്ചിട്ടുണ്ട്.. കോട്ടാണ് വേഷം . മുഖത്ത് ഒരു കണ്ണട സ്ഥാനം പിടിച്ചിട്ടുണ്ട്. അതിന്റെ ഫ്രെയിം ഏതാണ്ട് ഒടിയാറായ അവസ്ഥയാണ്.. പുരികത്തിൽ പോലും രോമങ്ങൾ നരച്ചു തുടങ്ങിയിരിക്കുന്നു. മുഖം ഷേവ് ചെയ്തു മിനുസമാക്കി വെച്ചിട്ടുണ്ട്.
ഞാൻ അയാളെ സ്വീകരിച്ചു കയ്യിലെ പെട്ടി വാങ്ങി മാറ്റി തറയിൽ വെച്ചു. അയാൾ വന്നെന്നെ കെട്ടിപിടിച്ചു.. അയാൾക്ക് നല്ല വിശപ്പുണ്ടെന്നു പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും കൂടി കാന്റീനിൽ കയറി.. ഞാൻ ഒരു ചായ മാത്രം ഓർഡർ ചെയ്തു.
അയാൾ ചിക്കൻ കടിച്ചു വലിക്കുന്നതിനിടയിൽ കണ്ണാടിക്ക് മുകളിലൂടെ എന്നെ ഒന്ന് നോക്കി.
" മിസ്റ്റർ ജോൺ, താങ്കൾ എന്നെ വിളിച്ച് ഇത്രയും ദൂരം വെറുതെ വരുത്തില്ല എന്നെനിക്ക് നല്ല വ്യക്തമായി അറിയാവുന്ന കാര്യമാണ്. "
ഞാൻ ചായ ഒരിറക്ക് കുടിച്ചു കൊണ്ട് അയാളെ തന്നെ ശ്രദ്ധിച്ചു...
" അതെ അലക്സി എനിക്ക് പറയാനുള്ളത്‌ പള്ളിയിൽ നടന്ന കവർച്ചയും അതിനു ശേഷമുണ്ടായ അച്ചന്റെ തിരോധാനത്തെ കുറിച്ചുമാണ്. "
അലക്സി എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
" പള്ളിയിൽ കവർച്ച നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ആണ്. കവർച്ച നടന്ന ശേഷം റാഫെലച്ചനെ പിന്നാരും കണ്ടിട്ടില്ല, പിന്നെ നടന്ന മീറ്റിംഗിൽ പള്ളി കമ്മിറ്റി അംഗങ്ങൾ അച്ചനെ പ്രതിയാക്കി തന്നെ പ്രസ്താവന നടത്തി. ആരും എതിർക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ പിന്നെ മിണ്ടാൻ പോയില്ല. "
അലക്സി ആഹാരം കഴിക്കുന്നത്‌ നിർത്തി എന്നിട്ട് ചോദിച്ചു
" പള്ളിയിൽ നിന്ന് എന്തൊക്കെ സാധനങ്ങൾ കളവ് പോയി എന്ന് താങ്കൾക്ക് നിശ്ചയമുണ്ടോ ??"
ഞാൻ തുടർന്നു " അൽത്താരയിൽ ഉണ്ടായിരുന്ന സ്വർണ്ണ കുരിശ് ഉൾപ്പെടെ സ്വർണ്ണങ്ങൾ എല്ലാം പോയി. ഭണ്ടാരങ്ങൾ മൂന്നും കുത്തി തുറന്നു. പക്ഷെ അതിൽ നിന്നും ഒരു രൂപാ പോലും അവർ എടുത്തിട്ടില്ല. അച്ചന്റെ റൂമിൽ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുകയായിരുന്നു. അലമാര പൊളിച്ചിട്ടുണ്ട്. അതിൽ ഉണ്ടായിരുന്ന 15000 രൂപയും അവർ എടുത്തിട്ടില്ല. "
അലക്സി : " ഈ അച്ചനെ പറ്റി താങ്കൾക്ക് എന്തെല്ലാം അറിയാം ??"
" ഈ ഇടവകയിൽ നിരവധി അച്ചന്മാരെ കണ്ടിട്ടുണ്ട്. പക്ഷെ റാഫെലച്ചൻ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാ വിഷയങ്ങളിലും ആഴത്തിൽ അറിവുള്ള ഒരാൾ ആയിരുന്നു.പക്ഷെ അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി എന്തോ ഭയപ്പെട്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ നിന്ന് ഞാൻ അനുമാനിക്കുന്നു. ഈ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് കൃത്യമായി പറഞ്ഞാൽ ബുധനാഴ്ച രാവിലെ അച്ചനെന്നെ ഫോണിൽ വിളിച്ചു കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് തന്നെ വൈകുന്നേരം ഞാൻ അദ്ദേഹത്തെ വന്ന് കാണുകയും ചെയ്തു. അദ്ദേഹം ഒരു കടലാസ് എൻറെ കയ്യിൽ സൂക്ഷിക്കാൻ തരികയും അദ്ദേഹത്തിനു എന്തെങ്കിലും സംഭവിച്ചു പോയാൽ ആ കടലാസ് റോമിലെ തിരുസഭയിൽ എത്തിക്കാൻ വേണ്ട ഇടപാട് ചെയ്യണം എന്നും ഈ വിഷയം അതീവ രഹസ്യമായിരിക്കണം എന്നും സൂചിപ്പിച്ചു. ഞാൻ അന്ന് തന്നെ ആ കടലാസ് വീട്ടിലെ അലമാരയിൽ കൊണ്ട് വെച്ചു. വെക്കുന്നതിനു മുൻപ് അതെന്താണെന്ന് അറിയാൻ എനിക്കൊരു ആകാംഷ തോന്നി.. ഞാൻ കവറിൽ നിന്നും ആ കടലാസ് പുറത്തെടുത്തു. അതിൽ എഴുതിയിരുന്നത്‌ റോമൻ ലിപിയിൽ ആയിരുന്നതിനാൽ എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല. ഞാൻ പിന്നെ അതിനെകുറിച്ച് ശ്രദ്ധിക്കാൻ പോയതുമില്ല. വെള്ളിയാഴ്ച അച്ചനെ കാണാതായതു മുതൽ എനിക്ക് ആകെ ടെൻഷനായി. ഇതിലെന്തോ നിഗൂഡത ഉള്ളതു പോലെ തോന്നി. ഇന്ന് രാവിലെ മുതൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന ആ കടലാസ് കാണാനും ഇല്ല. ഞാൻ എന്റെ വീട് മുഴുവൻ അരിച്ചു പെറുക്കി. അവിടെയെങ്ങും അങ്ങനൊരു കടലാസ് ഉണ്ടായിരുന്നില്ല.
അലക്സി കഴിച്ചു കൊണ്ടിരുന്നത് മതിയാക്കി എഴുന്നേറ്റു കൈ കഴുകി.. ഞാൻ ചുറ്റും ശ്രദ്ധിക്കുകയായിരുന്നു ആരെങ്കിലും എന്നെ രഹസ്യമായി വീക്ഷിക്കുന്നുണ്ടോ എന്ന്... ഞാൻ ബിൽ പേ ചെയ്തിട്ട് അലക്സിയെ കൂട്ടി ഒരു റിക്ഷ പിടിച്ചു വീട്ടിലെത്തി. അലക്സി വീടിനു ചുറ്റും നടന്നു നോക്കി. ഞാൻ അപ്പോഴെക്കും പൂട്ടു തുറന്നു.
" മിസ്റ്റർ ജോൺ നിങ്ങളുടെ കയ്യിൽ നിന്നും കടലാസ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ, ഇന്ന് ബുധനാഴ്ച.. കൃത്യമായി പറഞ്ഞാൽ ആ കടലാസ് നിങ്ങളുടെ കയ്യിൽ എത്തിയിട്ട് ഒരാഴ്ച തികഞ്ഞിരിക്കുന്നു. ഈ 7 ദിവസങ്ങൾക്കിടയിൽ എന്നെങ്കിലും താങ്കൾ അത് കയ്യിലുണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ ??
ഞാൻ ഓർത്തു നോക്കി...
"ഇല്ല അലക്സി... ഞാൻ അത് നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയുന്നത് തന്നെ ഇന്ന് രാവിലെയാണ്"
അലക്സി : " അങ്ങനെയാണെങ്കിൽ താങ്കൾ ഈ വീട്ടിൽ ഉണ്ടായിരിക്കുന്ന സമയം ഏതൊക്കെ ആണെന്ന് ഏകദേശം കൃത്യമായി പറയാമോ ??"
" അങ്ങനെ നോക്കിയാൽ എല്ലാ ദിവസവും ജോലിക്ക് പോകുന്ന സമയം ഒഴിച്ച് ബാക്കിയുള്ള സമയങ്ങളിൽ ഞാൻ ഇവിടെ തന്നെ കാണും. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ രാവിലെ 8 മണിക്ക് ഇറങ്ങിയാൽ എല്ലാ ദിവസവും വൈകുന്നേരം 5 മണിയോടെ ഞാൻ ഇവിടെ എത്തിച്ചേരുകയാണ് പതിവ്. "
അലക്സി : " അപ്പൊ താങ്കളുടെ ഫാമിലി ??"
" അവരൊക്കെ നാട്ടിലാണ്, ഞാൻ അങ്ങോട്ട്‌ മാസത്തിൽ ഒരിക്കൽ മാത്രമേ പോകാറുള്ളൂ... നാലഞ്ച് ദിവസം നിന്നിട്ട് മടങ്ങി വരികയാണ് പതിവ് "
അലക്സി : "അതായത് കഴിഞ്ഞ 7 ദിവസവും താങ്കളുടെ ഈ വാടക വീട്ടിൽ താങ്കളുടെ പരിചയക്കാർ മറ്റാരും തന്നെ കയറിയിട്ടില്ല.....!!!"

" തീർച്ചയായും ഇല്ല... "
അലക്സി : " ശരി അപ്പോൾ ഈ 7 ദിവസങ്ങളിൽ ഏതോ ഒരു ദിവസം രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ താങ്കളുടെ വീട്ടിൽ ഒരാൾ അതിക്രമിച്ചു കടന്നിരിക്കുന്നു. എന്ന് മാത്രമല്ല, രണ്ട് റൂമുകൾ പൂട്ടു തുറന്ന് അനായാസമായി അലമാരയും തുറന്ന് ആ കടലാസ് കൊണ്ട് പോയിരിക്കുന്നു....!! രസം എന്താണെന്ന് വച്ചാൽ ആ ഒരു കാര്യം താങ്കൾക്ക് ഇന്നലെ വരെ മനസ്സിലായതെ ഇല്ല എന്നതാണ്. ഒരു പൂട്ടിനും തകരാർ സംഭവിച്ചിട്ടില്ല എന്നത് തികച്ചും ആശ്ചര്യജനകമായ ഒരു വസ്തുതയാണ്. "
ഞാൻ നിർവികാരനായി അയാളെ നോക്കി... അലക്സി : " മിസ്റ്റർ ജോൺ... ഒരു കാര്യം വ്യക്തമാണ്, നിങ്ങളുടെ കയ്യിൽ നിന്നും നഷ്ടപെട്ട ആ കടലാസ് വെറും ഒരു കടലാസ് അല്ല... അതിൽ എന്തോ വലിയൊരു രഹസ്യം മറഞ്ഞു കിടപ്പുണ്ട്... അത് കണ്ടെത്തണമെങ്കിൽ ആ കടലാസ് തിരിച്ചു കിട്ടാതെ നിർവാഹമില്ല.. ഇല്ലെങ്കിൽ വാതിൽ തുറക്കാതെ ഈ വീടിനുള്ളിൽ പ്രവേശിക്കാൻ മറ്റൊരു വഴി കൂടി നമ്മൾ കണ്ടെത്തേണ്ടതുണ്ട്... "
അലക്സി വീട് മൊത്തം പരിശോധിച്ചു നോക്കി. അയാളുടെ മുഖത്ത് നിരാശ വ്യക്തമായി കാണാമായിരുന്നു.
അലക്സി : " ജോൺ നമുക്ക് ഒരു റിക്ഷ പിടിച്ചു പള്ളിയിലെക്ക് പോകാം.. "
ഞാൻ തലയാട്ടി..
ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ ആ പള്ളി മുറ്റത്തെത്തി.
അലക്സി തന്റെ മൊബൈലിൽ പള്ളിയുടെ ചിത്രങ്ങൾ പകർത്തിക്കൊണ്ട് ചോദിച്ചു :
" വിശ്വാസികൾ ഇപ്പോൾ വരാറില്ലേ ??"
" ഈ സംഭവത്തിനു ശേഷമുള്ള ഫോറൻസിക് പരിശോധന പൂർത്തിയായിട്ടില്ലാത്തത് കൊണ്ട് പോലീസ് അറിയിപ്പ് തരുന്നത് വരെ പള്ളി പ്രവർത്തിക്കാൻ പാടില്ല എന്നൊരു നിർദ്ദേശം പോലീസ് മുന്നോട്ട് വെച്ചിട്ടുണ്ട്"
ഞങ്ങൾ നടന്ന്‌ പള്ളിയുടെ പ്രധാന വാതിൽക്കൽ എത്തി. ഞങ്ങളെ കണ്ട ഉടൻ ഒരു പോലീസ് ഓഫീസർ പള്ളിയിൽ നിന്നും ഇറങ്ങി വന്നു. ഞാൻ അലക്സിയെ ഓഫീസർക്ക് പരിചയപ്പെടുത്തി കൊടുത്തു. അയാൾ അൽത്താരക്ക് സമീപം ചെല്ലില്ല എന്ന ഉറപ്പിൻമേല് ഞങ്ങളെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചു. ഞങ്ങൾ ഉള്ളിലേക്ക് കടന്നു.
അലക്സി അദ്‌ഭുതത്തോടെ പള്ളിയുടെ ഉൾവശം വീക്ഷിക്കുന്നത് കാണാമായിരുന്നു.
മനോഹരമായ ആ ഹാളിൽ ലിയനാർഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം വലിയൊരു ഫ്രയ്മിൽ വരച്ചു വെച്ചിരിക്കുന്നത്‌ കാണാമായിരുന്നു. യേശുദേവന്റെ കുരിശിൽ തറഞ്ഞ രൂപത്തിന് ഭയങ്കരമായ ഒറിജിനാലിറ്റി തോന്നി. ഞാൻ യേശുവിന്റെ ശരീരത്തിലെ മുറിവുകളെ അദ്‌ഭുതത്തോടെ നോക്കുകയായിരുന്നു.
കുറച്ചു സമയത്തെ മൗനം ഭഞ്ജിച്ചു കൊണ്ട് അലക്സി പറഞ്ഞു :
" ഈ പള്ളി ഒരു ബ്രിട്ടീഷ് കര വിരുത്‌ ആണെന്ന് ഞാൻ ഉറപ്പ് പറയും. കല്ലുകൾ പാകിയ അതിന്റെ ചുവരുകളിൽ കഴ്സൺ പ്രഭുവിന്റെയും മൗണ്ട് ബാട്ടൻ പ്രഭുവിന്റെയും ഫോട്ടോസ് വെച്ചിരിക്കുന്നത്‌ എന്റെ ഉറപ്പിനെ സാധുകരിക്കുന്ന ഒന്നാണ്. അരണ്ട വെളിച്ചം മാത്രം ഉള്ളിൽ തങ്ങി നിൽക്കുന്ന രീതിയിലുള്ള പള്ളിയുടെ നിർമ്മാണം തികച്ചും അഭിനന്ദനം അർഹിക്കുന്നു. "
ഞാൻ യേശുവിന്റെ രൂപക്കൂട് ചൂണ്ടി കാട്ടിയിട്ട് പറഞ്ഞു ആ കാണുന്ന രൂപക്കൂടിനു മുകളിൽ നിന്നാണ് സ്വർണ്ണക്കുരിശ് നഷ്ടപ്പെട്ടത്‌. അയാൾ സൂക്ഷ്മതയോടെ എല്ലായിടവും നോക്കി കണ്ടു. എന്നിട്ട് എന്റെ നേരെ തിരിഞ്ഞിട്ട് ചോദിച്ചു :
"എവിടെയായിരുന്നു ജോൺ ആ ഭണ്ടാര പെട്ടികൾ വെച്ചിരുന്നത്‌.. ?"
ഞാൻ അവയുടെ ഓരോന്നിന്റെയും സ്ഥാനങ്ങൾ കാട്ടി കൊടുത്തു. അയാൾ അവിടെയെല്ലാം വിശദമായി പരിശോധിച്ചു. പള്ളിക്ക് പുറത്ത് വന്ന ശേഷം അയാൾ എന്നോട് പറഞ്ഞു :
" മിസ്റ്റർ ജോൺ നമ്മൾ കരുതിയ പോലെ ഈ പള്ളിയിൽ മോഷണം നടത്താൻ വേണ്ടിയല്ല അവർ കയറിയത്.. "
ഞാൻ ഒന്ന് ഞെട്ടി : " പിന്നെ "
"അവർക്ക് വേണ്ട ഒരു കടലാസ് റാഫെൽ അച്ചന്റെ കയ്യിൽ ഉണ്ടായിരുന്നു. അത്‌ അവർക്ക് വളരെയധികം പ്രാധാന്യമുളള എന്തോ ഒരു രേഖയാണ്. അച്ചനെ അവർ എങ്ങോട്ടോ തട്ടികൊണ്ട് പോയിരിക്കുന്നു. ആ രേഖകൾ അടങ്ങിയ കടലാസ് താങ്കളുടെ കയ്യിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച വിവരം അച്ചൻ അവരോട് പറഞ്ഞു കഴിഞ്ഞു. ഒരു പക്ഷെ താങ്കൾ എത്രയും പെട്ടെന്ന് ആ കടലാസ് റോമിൽ കത്തോലിക്കാ സഭയിൽ എത്തിക്കും എന്ന ആഗ്രഹം റാഫെൽ അച്ചനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അതായത് അവർ താങ്കളുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ആ കടലാസ് സ്വന്തമാക്കിയിരിക്കുന്നു. ഒരു പക്ഷെ ഈ പള്ളിയെ സംബന്ധിച്ച എന്തോ പരമ രഹസ്യമാവണം ആ രേഖയിൽ.. "
ഞാൻ ശരിക്കും ഞെട്ടി... പിന്നെ ആശ്വസിച്ചു. അവർ വീട്ടിൽ നിന്നും ആ കടലാസ് കൈക്കലാക്കി എങ്കിൽ ഞാൻ അവരുടെ കഥയിലെ കഥാപാത്രം ആകില്ലല്ലോ..
അപ്പോഴാണ് അലക്സി ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞത്..
: "പക്ഷെ അച്ചനെ മരിച്ച നിലയിലോ അല്ലാതെയോ നമുക്ക് കിട്ടിയിട്ടില്ല എന്നത് അർത്ഥമാക്കുന്നത് അവർക്ക് ആ കടലാസും കിട്ടിയിട്ടില്ല എന്നാണ്"
ഞാൻ ആലോചിച്ചു... അപ്പോൾ പിന്നെ എൻറെ കൈവശം ഉണ്ടായിരുന്ന ആ കടലാസ് എങ്ങോട്ട് പോയി...
അലക്സി : "നിങ്ങൾ പേടിക്കണ്ട ജോൺ... നമുക്ക് കുറേ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. നാളത്തേ പകൽ നമുക്ക് പ്രയോജനപ്പെടുത്തി നോക്കാം.. എന്തെങ്കിലും തെളിവ് നമ്മളെ തേടി വരും... അതിലൂടെ ഇതിന്റെ പിന്നിലെ ആൾക്കാരും ലക്ഷ്യവും... തൽക്കാലം താങ്കൾ മനസമാധാനമായി ഒന്ന്‌ ഉറങ്ങിക്കോളു... " അല്ല താങ്കൾ പറഞ്ഞത് പോലെ ആണ് കാര്യങ്ങൾ എങ്കിൽ എന്തു കൊണ്ടാണ് പിന്നെ അവർ പള്ളിയിൽ നിന്ന് കുരിശ് മോഷ്ടിക്കുകയും നോട്ടിന്റെ രൂപത്തിലുള്ള പണം എടുക്കാതിരിക്കുകയും ചെയ്തത് ??"
അലക്സി ചിരിച്ചു കൊണ്ട് പറഞ്ഞു : " " "ആദ്യ ശ്രമത്തിൽ അവരുടെ ഉദ്ദേശം പൂർണമായി നടന്നില്ല എങ്കിൽ അവർക്ക് ആ കടലാസിനു വേണ്ടി വീണ്ടും പള്ളിയിൽ വരേണ്ടതുണ്ട്.. അച്ചന്റെ അലമാരയിലും മേശയുടെ ഡ്രോയറിലും അവർ വിദഗ്ധ പരിശോധന നടത്തിയ ശേഷം അച്ചനെ അവർ അവിടെ നിന്നും തട്ടി കൊണ്ട് പോകുന്ന സമയം വരെയും അയാൾ താങ്കളുടെ പേര് പറഞ്ഞില്ല എങ്കിൽ അവരുടെ മനസ്സിലെ ചിന്ത ഇനിയും പള്ളിയിൽ ഒരിക്കൽ കൂടി വരേണ്ടി വരും എന്നാണ്. അത് കൊണ്ടാണ് അവർ പോലീസിനെ തെറ്റിധരിപ്പിക്കാൻ വേണ്ടി ഇത് വെറുമൊരു കവർച്ച ശ്രമം ആണെന്ന് തോന്നിക്കുന്ന വിധത്തിൽ അവർക്ക് എടുക്കാൻ പറ്റുമായിരുന്ന സ്വർണ്ണം മാത്രം എടുത്തു കൊണ്ട് പോയത്‌. ഭണ്ടാരങ്ങൾ കുത്തി തുറന്നു എങ്കിലും അവർ ഒരു രൂപ പോലും എടുത്തില്ല എന്ന് നമുക്ക് അനുമാനിക്കാം.. അവരുടെ ഉദ്ദേശങ്ങൾ കേവലം ഒരു സ്വർണ്ണ കുരിശിനും ഒരുപാട് മേലെയാണ് എന്ന് ഞാൻ കരുതുന്നു. "
ഞാൻ ഒരു ദീർഘ നിശ്വാസം വിട്ടു..
" ഇതെല്ലാം താങ്കളുടെ ഊഹം മാത്രമാണെങ്കിലോ ? നമുക്ക് തെളിവ് ഒന്നും കിട്ടിയില്ലല്ലോ... !"
അലക്സി ചിരിച്ചു..
" മിസ്റ്റർ ജോൺ ഇതൊന്നു സോൾവ്‌ ആകട്ടെ താങ്കൾക്ക് എത്ര തെളിവുകൾ വേണമെങ്കിലും ഞാൻ തരാം..ഇപ്പോൾ താങ്കൾ ഒന്നിനെ പറ്റിയും ചിന്തിക്കണ്ട അല്പം നന്നായി ഉറങ്ങുക മാത്രമാണ് താങ്കൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം "
രാത്രി പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി. അലക്സി അയാളുടെ കയ്യിലെ ബാഗ്‌ എടുത്ത്‌ തുറന്നു. അതിൽ നിന്നും ഒരു തോക്കു പുറത്തെടുത്തു.. അതിൽ തിരകൾ ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അയാൾ എന്നെ കണ്ടത്.
അയാൾ പറഞ്ഞു : " മിസ്റ്റർ ജോൺ ഇന്നത്തെ രാത്രി താങ്കൾക്ക് ഞാൻ കാവലുണ്ട്.. താങ്കൾ ഒന്നും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട കാര്യമില്ല. റൂം അടച്ചു കിടന്നുറങ്ങൂ... പുറത്ത് എന്ത് ശബ്ദം കേട്ടാലും താങ്കൾ വാതിൽ തുറക്കാൻ പാടില്ല.. ഒരു കാര്യം ഞാൻ ഉറപ്പ് തരാം അലക്സിയുടെ ശ്വാസം നിലക്കാതെ അവർക്ക് ഞാൻ താങ്കളെ വിട്ടു കൊടുക്കില്ല.. അതിന് മുൻപ് എനിക്ക് താങ്കളിൽ നിന്നും ഒരു പ്രധാന വസ്തുത അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.. താങ്കൾ അലമാരയിൽ വെച്ച ആ കടലാസിൽ റോമൻ ലിപിയിൽ എന്തോ എഴുതിയിട്ടുണ്ട് എന്ന് താങ്കൾ പറഞ്ഞത് ഓർമ്മയുണ്ടോ ?? "
ഞാൻ ഉണ്ട് എന്ന് തലയാട്ടി
അലക്സി : " ശരി ആ അക്ഷരങ്ങൾ പേന കൊണ്ട് എഴുതിയത് ആണോ അതോ കമ്പ്യൂട്ടറിൽ നിന്നും പ്രിന്റ്‌ ചെയ്തതാണോ ??? "
ഞാൻ ആലോചിച്ചു നോക്കി... ആ കടലാസ് ഓർത്തെടുക്കാൻ ശ്രമിച്ചു.. കുറേ റോമൻ അക്ഷരങ്ങൾ എന്റെ കണ്മുന്നിൽ കൂടി കടന്നു പോയി..
പെട്ടെന്ന് എനിക്ക് ഓർമ വന്നു..
" അലക്സി അത് പേന കൊണ്ട് എഴുതിയ കടലാസ് അല്ല. പേന കൊണ്ട് എഴുതിയ മറ്റൊരു കടലാസിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആയിരുന്നു. "
അലക്സി : " ഫോട്ടോസ്റ്റാറ്റ് ആണെങ്കിൽ അത് ഒന്നുകിൽ അയാളുടെ കയ്യിൽ തന്നെയുള്ള ഒറിജിനലിന്റെ ഫോട്ടോ കോപ്പി തന്നെ ആകാം.. അല്ലെങ്കിൽ അയാൾ പേപ്പറിൽ എഴുതിയ ശേഷം ക്യാമറയിൽ പകർത്തിയ ഒരു ഫോട്ടോയുടെ / ഏതെങ്കിലും സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്ത പേപ്പറിന്റെ പ്രിന്റ്‌ ഔട്ട് തന്നെയാകാം.... ഇനി മറ്റൊരാൾ അയാൾക്ക് മെയിൽ ചെയ്ത ഫോട്ടോ ആണ് അയാൾ പ്രിന്റ്‌ ചെയ്ത ശേഷം കോപ്പി എടുത്തത്‌ എങ്കിലോ... അങ്ങനെയും സാധ്യതയില്ലേ... ? ഈ സാധ്യതകൾ നമ്മൾ നാളെ ഉപയോഗപ്പെടുത്തുന്നു.. അപ്പൊ ശരി മിസ്റ്റർ ജോൺ.. ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്... "
ഞാനും തിരിച്ചു ഗുഡ് നൈറ്റ്‌ പറഞ്ഞ ശേഷം പോയി കിടന്നു. ടെൻഷൻ കാരണം ഉറങ്ങാൻ തോന്നിയതെ ഇല്ല. വെറുമൊരു കടലാസ് കഷ്ണത്തിന് ഇത്രയും പ്രശ്നം സൃഷ്ടിക്കാൻ കഴിയുമോ... ? ഉറക്കം വരാതെ ഞാൻ ആ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു... ഉണർന്നപ്പോൾ മണി 7... രാവിലെ എപ്പോഴോ ഒന്ന് മയങ്ങി.. ഞാൻ പുറത്തേക്കിറങ്ങി.. അലക്സി ഷേവ് ചെയ്യുകയാണ്..
"ഗുഡ് മോർണിംഗ് മിസ്റ്റർ ജോൺ.. താങ്കളുടെ ഉറക്കം തീരെ ശരിയായില്ല എന്ന് തോന്നുന്നു.. നിങ്ങൾ എഴുന്നേൽക്കാൻ അല്പം വൈകിയത് കൊണ്ട് ഞാൻ അടുക്കളയിൽ കയറി ചായ ഇട്ടു."
അയാൾ അടച്ചു വെച്ചിരുന്ന ചായ കപ്പെടുത്ത്‌ എനിക്ക് നേരെ നീട്ടി...
" താങ്കൾക്ക് ഒരു പക്ഷേ ഇഷ്ടമായെന്നു വരില്ല.. "
ഞാൻ ചായ ഒരിറക്ക് കുടിച്ചു.. അയാളെ അദ്‌ഭുതത്തോടെ നോക്കിയിട്ട് ഞാൻ പറഞ്ഞു
" മിസ്റ്റർ അലക്സി, ഇത്രയും രുചിയുള്ള ഒരു ചായ അടുത്തെങ്ങും ഞാൻ കുടിച്ചിട്ടില്ല.. "
അയാൾ ഷേവ് ചെയ്യുന്നതിനിടയിൽ ഏറു കണ്ണ് ഇട്ടെന്നെ നോക്കിയിട്ട് പറഞ്ഞു
" ആഹാ നല്ല സുഖിപ്പിക്കൽ ആണല്ലോ രാവിലെ തന്നെ... അതൊക്കെ പോട്ടെ താങ്കളോട് ഇന്നലെ പ്രധാനപ്പെട്ട ഒരു കാര്യം ചോദിയ്ക്കാൻ വിട്ടു പോയി... നഷ്ടപ്പെട്ട ആ കടലാസ് താങ്കൾ വായിക്കാൻ ശ്രമിച്ചിരുന്നല്ലോ, അതിൽ റോമൻ ലിപി ആയിരുന്നു എന്നും താങ്കൾ സൂചിപ്പിരുന്നു. അതിൽ എന്തെങ്കിലും സംഖ്യകളോ മറ്റൊ ഉണ്ടായിരുന്നോ ?? അതല്ലെങ്കിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ ??"
" ഞാൻ ആ വാക്കുകൾ ഓർത്ത് എടുക്കാൻ ഒന്ന് ശ്രമിച്ചു നോക്കി... അതേ അവസാന വരിയിൽ രണ്ട് ഇംഗ്ലീഷ് വാക്കുകൾ ഉണ്ടായിരുന്നു.. വാക്കുകൾ എന്ന് പറയാൻ സാധിക്കില്ല... 7 അക്ഷരങ്ങൾ വീതം ചേർത്ത്‌ വെച്ചിരുന്നു അവക്ക് ഇടയിൽ രണ്ട് ഫുൾ സ്റ്റൊപ്പും ഒരു കോമയും ഉണ്ടായിരുന്നു.. "
അയാൾ ഷേവ് ചെയ്യുന്നത് നിർത്തി എന്റെ അടുത്തേക്ക് വന്നു.. മിസ്റ്റർ ജോൺ ആ അക്ഷരങ്ങൾ ഏതൊക്കെ ആണെന്ന് താങ്കൾക്ക് ഓർത്ത് എടുക്കാൻ സാധിച്ചാൽ നമുക്ക് താൽക്കാലികമായ എന്തെങ്കിലും ഒരു കൺക്ലൂഷനിൽ എത്തിപ്പെടാൻ സാധിച്ചെക്കും.. കമോൺ... ജോൺ... !"
ഞാൻ നന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു..
അയാൾ ഒരു പേനയും പേപ്പറും എടുത്തു കൊണ്ട് വന്നു...
ഞാൻ ഓരോ അക്ഷരങ്ങൾ ഓർത്ത് പറഞ്ഞു...

H.GGGICC, GF.HHAAHA

അയാൾ എല്ലാ ലെറ്ററും എഴുതി വെച്ച ശേഷം പേന കൊണ്ട് കുറേ വെട്ടലും തിരുത്തലും നടത്തി..
"ജോൺ ഇത് കൃത്യമാണെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ ?? "
ഞാൻ പറഞ്ഞു " ഉറപ്പ് പറയാൻ സാധിക്കില്ല ഒന്നോ രണ്ടൊ അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധ്യതകളുണ്ട് എന്നെ പറയാൻ സാധിക്കൂ... അക്ഷരങ്ങൾ ആവർത്തിച്ചു വന്നിരിക്കുന്നത്‌ കൊണ്ടാണ് ഇത്രയെങ്കിലും ഓർത്ത് പറയാൻ എനിക്ക് സാധിച്ചത്.. "
അലക്സി : " ഒരു കാര്യം കൂടി... അക്ഷരങ്ങളുടെ എണ്ണം കൃത്യം തന്നെയല്ലേ.. ??"
" അതും എനിക്ക് ഉറപ്പ് പറയാൻ സാധിക്കുന്നില്ല.. "
അയാൾ വീണ്ടും ആ പേപ്പറിൽ 5 മിനിട്ടോളം എന്തൊക്കെയോ എഴുതി നോക്കിയ ശേഷം ചാടി എണീറ്റു.. അയാൾ സന്തോഷം കൊണ്ട് തുള്ളി ചാടുന്നുണ്ടായിരുന്നു...
" കിട്ടി കിട്ടി... ജോൺ ഇത് ഒരു ലൊക്കേഷന്റെ ലാറ്റിറ്റുഡും ലോഞ്ചിറ്റുഡും ആകാൻ ആണ് സാധ്യത.. അതുകൊണ്ടാണ് ഇടയ്ക്കു രണ്ട് ഡോട്ട് പിന്നെ ഒരു കോമയും വന്നിരിക്കുന്നത്‌. ഈ അക്ഷരങ്ങളെ A-1, B-2, C-3 എന്ന ക്രമത്തിൽ എഴുതിയാൽ
8.777933,76.880071 എന്ന് കിട്ടും. ഇത് ഏതോ സ്ഥലത്തിന്റെ സൂചക സംഖ്യകളാണ്.. അയാൾ മൊബൈൽ ഇന്റർനെറ്റ്‌ കണക്റ്റ് ചെയ്തു. ഗൂഗിൾ മാപ്പ് എടുത്ത്‌ ഈ രണ്ട് സംഖ്യകൾ കോമയും ഡെസിമലും ഉൾപ്പെടെ ടൈപ്പ് ചെയ്തു സെർച്ച് ചെയ്തു നോക്കി..
അയാൾ ആഹ്ലാദം കൊണ്ട് തുള്ളിചാടി...
ഞാൻ ചോദിച്ചു : "ഞാൻ പറഞ്ഞ അക്ഷരങ്ങൾ തെറ്റാണെങ്കിലോ ?? "
അയാൾ പറഞ്ഞു : " ജോൺ നിങ്ങൾ അവസാനത്തെ അക്ഷരം മാത്രം തെറ്റിച്ചാൽ ഒന്നോ രണ്ടൊ മീറ്റർ വ്യത്യാസം മാത്രമേ ഉണ്ടാകൂ... ആദ്യ അക്ഷരം ആണ് തെറ്റിക്കുന്നത്‌ എങ്കിൽ കിലോമീറ്ററുകൾ മാറി സ്ഥലം തെറ്റായി മാത്രമേ കാണിക്കൂ... "
" അപ്പോൾ ആദ്യ അക്ഷരം ഞാൻ തെറ്റിച്ചു എങ്കിലോ ??"
അയാൾ മൊബൈൽ എന്റെ നേരെ കാണിച്ചിട്ട് ചോദിച്ചു : " എങ്കിൽ മിസ്റ്റർ ജോൺ, എങ്ങനെയാണ് കവർച്ച നടന്ന പള്ളിയുടെ തൊട്ടു പുറകിലെ ശ്മശാനം ഈ മാപ്പിൽ കാണിക്കുന്നത്‌ ??"
ഞാൻ അദ്‌ഭുതപ്പെട്ടു... അപ്പോൾ ഞാൻ ഓർത്തെടുത്ത അക്ഷരങ്ങൾ കൃത്യമാണ്.. എനിക്ക് ശരിക്കും സന്തോഷം തോന്നി.
അലക്സി : " താങ്കളുടെ ഓർമ്മ ശക്തിയെ ഞാൻ അഭിനന്ദിക്കുന്നു ജോൺ.. !
അപ്പോൾ ഒരു കാര്യം വ്യക്തമായി കഴിഞ്ഞു അതീവ രഹസ്യമായി റാഫെൽ അച്ചൻ സൂക്ഷിച്ചു വെച്ച കടലാസിന് ഈ ശ്മശാനവുമായി എന്തോ നിഗൂഢമായ ബന്ധമുണ്ട്... കവർച്ച സംഘത്തിനു ഈ ഒരു വസ്തുത മനസ്സിലാക്കാൻ സാധിച്ചാൽ അപകടമാണ്. അതിന് മുന്നേ നമ്മൾ ആ രഹസ്യം കണ്ടെത്തിയേ പറ്റൂ.. "
ഞാൻ എന്തു പറയണം എന്നറിയാതെ അന്തം വിട്ടു നിൽക്കുകയായിരുന്നു..
അലക്സി : " നമുക്ക് ആ പള്ളിയിലെ പുതിയ വികാരിയോട് സംസാരിച്ചു നോക്കിയാൽ ശ്മശാനത്തെ പറ്റി എന്തെങ്കിലും ഒക്കെ കിട്ടാതിരിക്കില്ല... ബാക്കി വിവരങ്ങൾ ഗൂഗിളിൽ ഒന്ന് തപ്പി നോക്കാം... എന്തായാലും പെട്ടെന്ന് റെഡി ആകൂ ജോൺ... "
ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും റെഡി ആയി. ഒരു റിക്ഷ പിടിച്ചു... എതിർ വശത്ത് ഒരു ഓടി കാർ പാർക്ക് ചെയ്തിട്ടുണ്ട്.. ഞങ്ങൾ ഞങ്ങളുടെ വണ്ടിയിൽ യാത്ര തുടങ്ങി.. ഇടയ്ക്കു വെളിയിലേക്ക്‌ നോക്കിയപ്പോൾ ആ കാർ ഞങ്ങളുടെ തൊട്ടു പിന്നാലെ ഉണ്ടെന്നു മനസിലാക്കി.
അലക്സി : " ജോൺ ഇപ്പോൾ നമ്മൾ അങ്ങോട്ട്‌ പോയാൽ നമ്മുടെ ജീവൻ അപകടത്തിൽ ചെന്ന് ചാടും..അതുകൊണ്ട് നമ്മൾ ഇവിടെ വെച്ച് രണ്ടായി പിരിയുന്നു. ജോൺ 3 ബസിൽ മാറി മാറി കയറണം. ഒടുവിൽ കയറുന്ന ബസിൽ തന്നെ ആരും പിന്തുടരുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം താങ്കൾക്ക് ലഞ്ച് കഴിക്കാം. അതിന് ശേഷം താങ്കൾ പാർക്കിനു സമീപമുളള ആ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ വരണം.." എന്തൊക്കെ ആയാലും ശരി കൃത്യം രണ്ടു മുപ്പതിന് ജോൺ ആ കെട്ടിടത്തിൽ എത്തിയിരിക്കണം.. " പറഞ്ഞു തീർന്ന ശേഷം അയാൾ ഡോർ തുറന്ന് ഇറങ്ങി..
(തുടരും )

----------------------------------------------------------------------------------------------------------------------------------------

പേര് : ശവപ്പെട്ടിയിലെ രഹസ്യം
രചന : രഞ്ജു കിളിമാനൂർ
ഭാഗം : 2

ഞാൻ അയാൾ പറഞ്ഞത് പ്രകാരം എല്ലാം ചെയ്തു. കൃത്യം 2. 30 നു തന്നെ ആ കെട്ടിടത്തിൽ എത്തിച്ചേർന്നു. തലേ ദിവസം പെയ്ത മഴയിൽ റൂഫിൽ കെട്ടി നിന്ന വെള്ളം പലയിടങ്ങളിലും തുള്ളി തുള്ളിയായി താഴേക്ക്‌ വീഴുന്നുണ്ടായിരുന്നു. റൂമുകൾ എല്ലാം തന്നെ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു. പെട്ടന്ന് ഒരാൾ എനിക്ക് പുറകിൽ നിൽക്കുന്നത്‌ പോലെ തോന്നി ഞാൻ ഞെട്ടി തിരിഞ്ഞു. ഒരു പടു കിളവൻ അയാൾക്ക്‌ നിൽക്കാൻ പോലും ആവതില്ല.. സ്ലാബിനു മുകളിൽ അയാളുടെ ഭാണ്ഡക്കെട്ട് വെച്ച് അതിനുള്ളിൽ നിന്നും എന്തോ എടുക്കാൻ ഉള്ള ശ്രമം ആണ്. അയാളുടെ മുഖം മറയത്തക്ക വിധം താടി വളർന്നിട്ടുണ്ട്. ഞാൻ അയാളെ തന്നെ ശ്രദ്ധിച്ചു.. അയാൾ തിരിഞ്ഞ് എന്നെ നോക്കിയ ശേഷം അയാളുടെ കയ്യിൽ തടഞ്ഞ ബ്രെഡ്‌ വേണോ എന്ന് ചോദിച്ചു... ഞാൻ വേണ്ട എന്ന് തലയാട്ടി.. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി...എവിടെയോ കണ്ട ഓർമ പോലെ... അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു "സൂക്ഷിച്ചു നോക്കണ്ട മിസ്റ്റർ ജോൺ... ഇത് താങ്കളുടെ പ്രിയ സുഹൃത്ത്‌ അലക്സി തന്നെയാണ്. "
അദ്‌ഭുതം കൊണ്ട് എനിക്ക് വീർപ്പു മുട്ടൽ അനുഭവപ്പെട്ടു. അയാളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം മുഖം മാറിയിരിക്കുന്നു. അയാൾ കൈയിലിരുന്ന പൊതി എനിക്ക് നേരെ നീട്ടി.. അതിൽ നിറയെ മെയ്ക്ക് അപ്പ് സാധനങ്ങൾ ആയിരുന്നു. താടിയും മുടിയും ഒക്കെയായി കുറേ സാധനങ്ങൾ.. കുറച്ച് സമയം കൊണ്ട് അയാൾ തന്നെ എന്റെ രൂപം അപ്പടി മാറ്റി..
"മിസ്റ്റർ ജോൺ ഇപ്പോൾ താങ്കളെ സ്വന്തം മാതാപിതാക്കൾ പോലും തിരിച്ചറിയില്ല.. "
ഞങ്ങൾ കാൽ നടയായി പള്ളിയിൽ എത്തി... ഞാൻ ശ്മശാനത്തിലേക്ക്‌ ഒന്ന് നോക്കി.
അലക്സി നല്ല തയാറെടുപ്പ് ചെയ്തിരുന്നു. പള്ളി വികാരിയോട് രഹസ്യമായി അദ്ദേഹം എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. അലക്സി എന്നെ അങ്ങോട്ട് വിളിച്ചു.
" ജോൺ നമുക്ക് റാഫെൽ അച്ചന്റെ റൂം പരിശോധിക്കണം... വികാരി അർദ്ധ സമ്മതം മൂളിയിട്ടുണ്ട്.. അയാൾ കൂടി നമ്മളൊടൊപ്പം വരും... ഒന്നും നശിപ്പിക്കാൻ പാടില്ല ഇതാണ് കണ്ടീഷൻ... "
എനിക്ക് സന്തോഷമായി.. എന്തെങ്കിലും തുമ്പ് ഇവിടെ നിന്ന് കിട്ടാതിരിക്കില്ല..
അലക്സി അച്ചന്റെ പുസ്തകങ്ങൾ വെച്ചിരിക്കുന്ന ഷെൽഫ് പരിശോധിക്കുകയാണ്.. പുസ്തകങ്ങളിൽ പലതും വാരി വലിച്ച് ഇട്ടിരിക്കുകയാണ്. ബൈബിൾ തന്നെ നിരവധി എണ്ണമുണ്ടായിരുന്നു. അലക്സി പുസ്തകങ്ങൾക്കിടയിൽ മുഴുവൻ ആ കടലാസിനെ സംബന്ധിച്ച് എന്തെങ്കിലും കിട്ടുമോ എന്ന് അരിച്ചു പെറുക്കി... ഒന്നും കിട്ടിയില്ല... അലക്സിയുടെ കണ്ണുകൾ അച്ചന്റെ ഡസ്ക്ടോപ്പ് കമ്പ്യൂട്ടറിൽ പതിഞ്ഞു.. കമ്പ്യൂട്ടർ സ്റ്റാർട്ട്‌ ചെയ്യുപ്പെട്ടു. ഭാഗ്യത്തിന് യൂസർ പാസ്സ്വേർഡ് സെറ്റ് ചെയ്തിരുന്നില്ല. അലക്സി ആദ്യം നോക്കിയത് റീ സൈക്കിൾ ബിന്നിലാണ്.. അതിനുള്ളിൽ നിന്ന് ഒന്നും കിട്ടിയില്ല.. അടുത്തത് ബ്രൗസർ എടുത്തു.. അതിന്റെ ഹിസ്റ്ററി ചെക്ക്‌ ചെയ്തപ്പോൾ കൂടുതലും ബ്രിട്ടീഷ് റൂൾ കാലഘട്ടത്തെ കുറിച്ചുള്ള ഗൂഗിൾ സെർച്ചുകൾ കാണാൻ സാധിച്ചു... ആ പേജുകൾ ഓരോന്നായി അലക്സി റഫർ ചെയ്തു. ഒരു വെള്ള കടലാസിൽ എന്തൊക്കെയോ കുത്തി കുറിച്ച് വയ്ക്കുകയും ചെയ്തു. വികാരിയച്ചൻ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കുകയാണ്. പിന്നെ ബ്രൗസർ ഹിസ്റ്ററി പരിശോധിച്ചപ്പോൾ അച്ചന്റെ ജിമെയിൽ കൂടുതൽ ഉപയോഗിച്ചതായി കാണാൻ സാധിച്ചു.. പക്ഷേ ജിമെയിൽ പാസ്സ്‌വേർഡ്‌ ബ്രൗസറിൽ സേവ് ചെയ്തിരുന്നില്ല. അതിനാൽ അവയൊന്നും തന്നെ ഓപ്പൺ ചെയ്യാൻ സാധിച്ചില്ല. അലക്സി കൺട്രോൾ + d ടൈപ്പ് ചെയ്തു..പെട്ടെന്ന് ഒരു ടാബ് ഓപ്പൺ ആയി. അയാൾ എന്നെ നോക്കിയിട്ട് പറഞ്ഞു.. നമ്മുടെ ബ്രൗസറിൽ എന്തൊക്കെ ഡൌൺലോഡ് ചെയ്തോ അവയുടെ എല്ലാ ഡീറ്റൈൽസും നമുക്ക് ഇവിടെ നിന്നും കിട്ടും.. അയാൾ ഡൌൺലോഡ് ചെയ്തിരുന്ന ഓരോ ഫയലുകൾ ഓപ്പൺ ചെയ്യാൻ ശ്രമിച്ചു.. അവയിൽ പലതും സ്ഥിരമായി ഡിലീറ്റ് ചെയ്തിരുന്നത് കൊണ്ട് ഓപ്പൺ ആയില്ല. എന്നാൽ ആ പള്ളിയുടെ പണ്ട് കാലത്തെ ചിത്രങ്ങൾ പലതും ഓപ്പൺ ആയി. അവയൊക്കെ ഡിലിറ്റ് ചെയ്തവയായിരുന്നില്ല.. ആ ഫോട്ടോകൾ അലക്സി കുറേ നേരം സൂക്ഷിച്ചു നോക്കി.. അയാൾ അവയുടെ ഭംഗി ആസ്വദിക്കുന്നത് പോലെ തോന്നി.. ഒടുവിൽ അയാൾ അവസാനത്തെ ഡൌൺലോഡഡ് ഫയലിന്റെ പേര് ശ്രദ്ധിച്ചു... " mystery breaks " അയാൾ അത് ഓപ്പൺ ചെയ്യാൻ ശ്രമിച്ചു.. അത് ഡിലീറ്റ് ആയ ഫയൽ ആയിരുന്നു. അതുകൊണ്ട് തന്നെ അത് ഓപ്പൺ ആയില്ല.. അത് d ഡ്രൈവിൽ ആയിരുന്നു ഡിലീറ്റ് ആകുന്നതിനു മുൻപ് സേവ് ചെയ്തിരുന്നത്.
അലക്സി എന്നെ നോക്കിയിട്ട് പറഞ്ഞു
" മിസ്റ്റർ ജോൺ ഈ ഫയൽ ഒരു ഫോട്ടോ ആണ്. webp ഫോർമാറ്റ്‌... ഈ ഫോട്ടോ റിക്കവർ ചെയ്‌താൽ നമുക്ക് ഈ കേസിലെ നിഗൂഢത ബ്രെക്ക് ചെയ്യാൻ സാധിക്കും എന്നെനിക്ക് തോന്നുന്നു. "
ഞാൻ ചോദിച്ചു പെർമനന്റ് ആയി ഡിലീറ്റ് ആയി പോയ ഒരു ഫയൽ നമുക്ക് റിക്കവർ ചെയ്യാൻ സാധിക്കുമോ അലക്സി ?? "
അലക്സി : "നമുക്ക് ഭാഗ്യമുണ്ടെങ്കിൽ സാധിക്കും ജോൺ "
അയാൾ ഒരു റിക്കവറി സോഫ്റ്റ്‌വെയർ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തു. അതിന് ശേഷം d ഡ്രൈവിൽ ഡിലിറ്റ് ആയ എല്ലാ webp ഫയലുകളും റിക്കവർ ചെയ്തു. അധികം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അതിൽ "mystery breaks " എന്ന ഫോട്ടോ ഉണ്ടായിരുന്നു.. അയാൾ വിജയശ്രീ ലാളിതനായി എന്നെ നോക്കി ചിരിച്ചു. അയാൾ അത് ഓപ്പൺ ചെയ്തു... ഒരു നിമിഷം ഞങ്ങൾ ടെൻഷൻ അടിച്ചു.. എന്റെ സർവ്വ നാഡികളും വലിഞ്ഞു മുറുകി.. ആ ഫയൽ ഓപ്പൺ ആയി... ഒരു വെള്ളപ്പെപ്പർ സ്കാൻ ചെയ്ത ഫോട്ടോ ആയിരുന്നു അത്... അതിൽ എന്തൊക്കെയോ റോമൻ ലിപിയിൽ എഴുതിയിട്ടുണ്ട്.. എന്നാൽ അതിന്റെ എല്ലാ അക്ഷരങ്ങളും റോമൻ ലിപി തന്നെ ആയിരുന്നു..
ഞാൻ അലക്സിയെ നോക്കി..." ഞാൻ കാണുമ്പോൾ ഇതിൽ അവസാനത്തെ വരിയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടായിരുന്നു എന്ന് ഉറപ്പാണ് അലക്സി... പക്ഷേ ഇതില് അത് കാണുന്നില്ല... !!!! "
അലക്സി ചിരിച്ചു...
"മിസ്റ്റർ ജോൺ... താങ്കൾ കരുതുന്നത്‌ പോലെ ആ ലെറ്റർകടലാസ് അല്ല ഇത്... ഈ കടലാസ് അല്ല അത്... രണ്ടും രണ്ടാണ്.. റോമൻ ലിപി ആയത് കൊണ്ടാണ് താങ്കൾക്ക് രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാതെ പോയത്‌... "
ഞാൻ അതിലേക്കു സൂക്ഷിച്ചു നോക്കി... അതേ അയാൾ പറഞ്ഞത് ശരിയാണ്...എനിക്ക് സ്വയം പുച്ഛം തോന്നിപ്പോയി..
പിന്നെ അയാൾ വേറെ കുറേ ഫയലുകൾ കൂടി ചെക്ക്‌ ചെയ്തു നോക്കിയിട്ട് ഇറങ്ങാൻ തിരക്ക് കൂട്ടി.. വികാരിയോട് നന്ദി പറഞ്ഞിട്ടു ഞങ്ങൾ പുറത്തേക്ക് നടന്നു..
പെട്ടെന്ന് അലക്സി ഒന്നു നിന്നു... അയാൾ പുറകിലേക്ക് തിരിഞ്ഞു സസൂക്ഷ്മം നോക്കി.. ഞാൻ അയാളോട് രഹസ്യമായി എന്താണ് എന്ന് ചോദിച്ചു... അയാൾ ഒന്നും മിണ്ടാതെ അല്പം പുറകിലോട്ട് ഓടി നോക്കി...എന്നിട്ട് തിരിച്ചു വന്നു.
" മിസ്റ്റർ ജോൺ ആരോ നമ്മുടെ പുറകെ തന്നെയുണ്ട്.. ഒരുപക്ഷെ അയാൾ നമ്മളെ തിരിച്ചറിഞ്ഞിരിക്കാം.. എത്രയും പെട്ടന്ന് നമുക്ക് ഇവിടം വിടണം..." അയാൾ എന്റെ കൈ പിടിച്ചു കൊണ്ട് ഓടി...
ഞങ്ങൾ കുറെ ദൂരം ഇടവഴികളിലൂടെ ഓടി... രണ്ട് പേരും താടിയും മുടിയും എല്ലാം വലിച്ചെറിഞ്ഞു... വേറാരും പുറകിൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഞങ്ങൾ ഒരു റിക്ഷയിൽ കയറി, തൊട്ടടുത്ത ലോഡ്ജിലേക്ക് വെച്ച് പിടിച്ചു. അവിടെയെത്തി റൂമിലേക്ക്‌ നടന്നപ്പോൾ ഞാൻ അലക്സിയോട് റൂം എടുക്കണ്ടേ എന്ന് ചോദിച്ചു...
അലക്സി : " ജോൺ റൂം ഇന്ന് രാവിലെ തന്നെ ഞാൻ ബുക്ക്‌ ചെയ്തിരുന്നു. മാത്രമല്ല നമ്മുടെ കുറച്ചു വസ്ത്രങ്ങൾ അവശ്യ സാധനങ്ങൾ എന്നിവ ഇവടെ എത്തിച്ചിട്ടുമുണ്ട്. ഇന്ന് വൈകിട്ട് വരെ നമ്മൾ ഇവിടെയാണ്‌ തങ്ങുക. അതിന് ശേഷം രാത്രി നമ്മൾ താങ്കളുടെ വീട്ടിലേക്കു മടങ്ങും. "
ഞാൻ ഞെട്ടി :" എന്റെ വീട്ടിലേക്കോ... !! അപ്പോൾ അവർ നമ്മളെ ഉപദ്രവിച്ചാൽ ?? "
അലക്സി : "ഞാനല്ലേ താങ്കളുടെ കൂടെയുള്ളത്... നമുക്ക് പരമാവധി ചെറുക്കാം... "
എനിക്ക് ശരിക്കും ഭയമുണ്ടായിരുന്നു.. ഞാൻ ആകെ ടെൻഷനിലായി... അലക്സി അയാളുടെ ഭാണ്ഡക്കെട്ടിൽ നിന്നും ഒരു ചെറിയ ബ്രാണ്ടിക്കുപ്പി എടുത്ത്‌ രണ്ട് പെഗ്ഗ് ഒഴിച്ചു.. ഒന്നെടുത്തു എനിക്ക് നേരെ നീട്ടി.
"ജോൺ ഇന്നത്തെ ദിവസം നമ്മളൊരു സാഹസത്തിന് ഒരുങ്ങുകയാണ്. ഞാൻ അല്പം കാര്യങ്ങൾ പ്ലാൻ ചെയ്യട്ടെ എന്നിട്ട് താങ്കളോട് പറയാം ... " ഞാൻ പുറത്തേക്ക് പോയി ആഹാരം വാങ്ങിക്കൊണ്ട് വന്നു..അലക്സി അപ്പോഴും ഒരു പേപ്പറിൽ എന്തൊക്കെയോ എഴുതുകയും വെട്ടുകയും തിരുത്തുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.. ഭക്ഷണം കഴിച്ച ശേഷം വൈകുന്നേരം ആയപ്പോഴേക്കും ഞാൻ ഒന്ന് മയങ്ങി. ഉണർന്ന്‌ എണീറ്റപ്പോൾ കണ്ടത് എന്നെ തുറിച്ചു നോക്കി ഇരിക്കുന്ന അലക്സിയെ ആണ്. ഞാൻ അന്തം വിട്ടു... ഇയാൾ ഇങ്ങനെ എന്നെ നോക്കുന്നത്‌ എന്തിനാണ്....! നോട്ടം അല്പം പോലും മാറ്റാതെ അയാൾ പറഞ്ഞു : " ഗുഡ് ഈവനിംഗ് മിസ്റ്റർ ജോൺ... ഞാനും ഒന്ന് മയങ്ങുകയായിരുന്നു.. ഇപ്പൊ ശരിക്കും ഞാൻ ഞെട്ടി... കണ്ണ് തുറന്നു വെച്ച് മയങ്ങുന്ന ഒരാളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്..
അലക്സി : " മിസ്റ്റർ ജോൺ ഇപ്പോൾ താങ്കൾ ഒരു പക്ഷേ എന്റെ ഉറക്കത്തെ കുറിച്ച് ആയിരിക്കും ചിന്തിക്കുക... (ചിരിക്കുന്നു ) ഉറക്കം രണ്ട് വിധം ഉണ്ട്. ഒന്ന് താങ്കൾ ഉറങ്ങിയ പോലെ... രണ്ട് ഞാൻ ഉറങ്ങിയത് പോലെ.. പക്ഷേ ഈ ഉറക്കം ശീലിക്കുക അത്ര എളുപ്പമുളള കാര്യമല്ല... കണ്ണ് തുറന്നു വെച്ച് ഉറങ്ങുന്ന അവസ്ഥയിൽ നമുക്ക് ചുറ്റുപാടുകൾ നമുക്ക് ഉപബോധ മനസ്സിൽ കാണാൻ സാധിക്കും.. ഒരു അനക്കം സംഭവിച്ചാൽ കൂടി നമ്മുടെ മനസ്സ് നമ്മളെ വിളിച്ചുണർത്തും.. യോഗ കൂടി പ്രാക്ടീസ് ചെയ്‌താൽ ഇത് ശീലിക്കാൻ വളരെ എളുപ്പമാണ്.. അതൊക്കെ പോട്ടെ നമുക്ക് വിഷയത്തിലേക്ക്‌ വരാം... റാഫെൽ അച്ചൻ സേർച്ച്‌ ഗൂഗിളിൽ ചെയ്തിരിക്കുന്ന എല്ലാ പേജുകളിലെയും കണ്ടന്റ് ഒന്ന് തന്നെയാണ്. സെന്റ്‌ തോമസ്‌ പള്ളിയുടെ പാസ്റ്റ്.. ഏതൊക്കെ അച്ചന്മാർ ഇവിടെ ഉണ്ടായിരുന്നു ആരൊക്കെയാണ് അവരിൽ ജീവനോടെ ഉള്ളവർ അങ്ങനെയങ്ങനെ നിരവധി അന്വേഷണങ്ങൾ... അയാൾക്ക് മനസിലായ കാര്യങ്ങളിൽ പ്രധാനപ്പെട്ടത്‌ ഞാൻ താങ്കളോട് പറയാം.. ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിച്ച ഈ പള്ളിയുടെ ചാർജ് അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആയിരുന്ന ഒരു റിച്ചാർഡ്സൺ ആയിരുന്നു. അയാൾക്ക്‌ മറ്റൊരു ചാർജ് കൂടി ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയിരുന്നു.. അത് ഇന്ത്യയിൽ നിന്നും അവർക്ക് ലഭിച്ച പുരാ വസ്തുക്കളുടെ കൂട്ടത്തിൽ വില പിടിച്ച സാധനങ്ങൾ തിരിച്ചു ബ്രിട്ടണിൽ എത്തിക്കുക എന്നതായിരുന്നു. 1942 ഒക്ടോബർ 24 ആം തീയതി അയാളുടെ ഉത്തരവാദിത്തത്തിൽ കൊച്ചിയിൽ നിന്നും കൊണ്ട് പോകേണ്ടിയിരുന്ന ചരക്കുകളുടെ കൂട്ടത്തിൽ ഒരു ശവപ്പെട്ടിയും ഉണ്ടായിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ഒരു ബസിൽ ആണ് ഈ ശവപ്പെട്ടി ഉണ്ടായിരുന്നത്‌. എല്ലാ സാധനങ്ങളും പരിശോധിച്ച് എന്താണെന്ന് ഉറപ്പു വരുത്തുക റിച്ചാർഡ്സന്റെ പതിവാണ്. ഈ ഒരു ശവപ്പെട്ടിയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അയാൾ കൂടെ ആരും ഇല്ലാത്ത സാഹചര്യത്തിൽ ഒരു പക്ഷേ ആ പെട്ടി പരിശോധിച്ചു കാണണം.. ആ വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവറെ കബളിപ്പിച്ച്‌ അയാൾ ആ പെട്ടിയുമായി കടന്നു കളഞ്ഞു. ബ്രിട്ടീഷ് ഗവണ്മെന്റിനെ വഞ്ചിച്ച കുറ്റത്തിന് അയാളെ അന്ന് വധശിക്ഷക്ക് വിധിക്കുകയും നവംബർ 20 നു അയാളെ തൂക്കി കൊല്ലുകയും ചെയ്തു. വിധി നടപ്പിലാക്കുന്നതിനു മുൻപ് അയാൾ തന്റെ മക്കളെ കാണാൻ അനുമതി ചോദിച്ചിരുന്നു. അവർ ഇംഗ്ലണ്ടിൽ നിന്നും ഇവിടെയെത്തി ജയിലിൽ വെച്ച് അയാളെ കണ്ടു. ബ്രിട്ടീഷ് പോലീസ് നിയോഗിച്ച ചാരൻ അവരെ സസൂക്ഷ്മം നിരീക്ഷിച്ചു.. അയാൾ അവരോട് റോമൻ ഭാഷയിൽ എന്തോ മന്ത്രിച്ചു. അത് എന്താണെന്ന് മറ്റാർക്കും കേൾക്കാൻ സാധിച്ചില്ല.. അയാളുടെ മരണം വരെ അവർ ബ്രിട്ടീഷ് ഗസ്റ്റ് ഹൗസിൽ താമസിച്ചു. അതിന് ശേഷം അവർ തിരിച്ച് ഇംഗ്ലണ്ടിലേക്ക്‌ മടങ്ങി. കൃത്യം രണ്ടാഴ്ച തികയുന്ന ദിവസം ഹെഡിങ്ലിക്ക് സമീപമുളള ഒരു ഹോട്ടലിൽ വെച്ച് അവർ രണ്ട് പേരും വെടിയേറ്റ് മരിച്ചു.. വിവാഹം കഴിഞ്ഞില്ലാത്തതിനാൽ അവരുടെ അനന്തരാവകാശികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.. മറ്റാർക്കും ആ ശവപ്പെട്ടിയെ സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല താനും.. ഇത്രയും വിവരങ്ങൾ ആണ് റാഫെൽ അച്ചൻ ഇന്റർനെറ്റ് ഉപയോഗിച്ച് മനസ്സിലാക്കിയിരിക്കുന്നത്.. അയാൾ ബ്രൗസ് ചെയ്തു റിച്ചാർഡ്സണേ കുറിച്ച് അന്വേഷണങ്ങൾ നടത്തിയ തീയതി കഴിഞ്ഞ മാസം 12 ആണ്. അതിന് ശേഷം
റാഫെൽ അച്ചൻ റിച്ചാർഡ്സന്റെ സഹോദരി പുത്രൻ ആയ ക്ലിന്റണെ കോൺടാക്ട് ചെയ്തു. അയാൾ റോമിലെ ഒരു പള്ളിയിൽ പ്രീസ്റ്റ് ആണ്.. ആയാളുടെ കുടുംബവും റോമിൽ തന്നെയാണ് താമസം. അച്ചനു റോമൻ ഭാഷ എഴുതാനും വായിക്കാനും വ്യക്തമായി അറിയാവുന്നതിനാൽ തന്നെ അവർ തമ്മിൽ ആശയ വിനിമയം നടന്നിട്ടുണ്ടാകണം. അയാളുടെ സഹായത്തോടെ ഒരു പക്ഷേ അച്ചൻ മനസ്സിലാക്കിയിട്ടുണ്ടാകും എന്താണ് ആ ശവപ്പെട്ടിയിൽ ഉള്ളതെന്ന്‌.. അതിന് ശേഷം അയാളെ ആക്രമിച്ചു തട്ടി കൊണ്ട് പോയവർ ആരാണ് എന്ന് കൂടി മനസ്സിലാക്കിയാൽ മാത്രമേ നമുക്കിനി മുന്നോട്ട് പോകാൻ സാധിക്കൂ... "
ഞാൻ അദ്‌ഭുതത്തോടെ അലക്സിയുടെ വാക്കുകൾ ശ്രവിച്ചു കൊണ്ടിരുന്നു...

"മിസ്റ്റർ ജോൺ ഇതൊരു വലിയ കളിയാണ്. ശത്രുക്കളെ കുറിച്ച് ഇനിയും വ്യക്തമായ രൂപം നമുക്ക് ലഭിക്കാത്ത സാഹചര്യം ആയതിനാൽ താങ്കൾക്ക് അപകടം വരാതെ ശ്രദ്ധിക്കുക എന്നതും അച്ചനെ അവരുടെ കയ്യിൽ നിന്നും മോചിപ്പിക്കുക എന്നതും ഈ ഗെയിമിൽ നമ്മുടെ ജയത്തെ സാധൂകരിക്കുന്ന ഘടകങ്ങൾ ആവേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അവരുടെ വിവരങ്ങൾ നമ്മൾ മനസിലാക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്.. പള്ളിയിൽ വന്ന് അച്ചനെ തട്ടിക്കൊണ്ട് പോകാൻ അവർ നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു എന്ന് നമുക്ക് അനുമാനിക്കാം. മോഷണം നടന്ന സമയം താങ്കൾക്ക് അറിയാമോ ??"
" രാത്രി 2 മണിയോടെ ആണെന്നാണ് പോലീസ് കണ്ടെത്തിയ വിവരം "
അലക്സി :" ഏറ്റവും കൂടുതൽ മോഷണം ലോകത്ത് നടക്കുന്നത്‌ 2 മണി മുതൽ 3 മണി വരെയുള്ള സമയത്താണ്‌. അങ്ങനെ തന്നെ ആയിരിക്കും ഈ കേസിലും എന്ന് നമുക്ക് ഊഹിക്കാം.. അച്ചൻ സ്ഥിരമായി കിടന്നുറങ്ങുന്നത് പള്ളിയോട് ചേർന്നുള്ള ആ ചാപ്പലിൽ ആണെന്ന് ഞാൻ കരുതുന്നു..? "
" അതേ ചാപ്പലിൽ തന്നെ... പക്ഷേ താങ്കൾക്ക് എങ്ങനെ മനസിലായി? "
അലക്സി : "നേരത്തെ പള്ളിയിൽ പോയപ്പോൾ ചാപ്പലിൽ ഒരു മുറി കൂടി ഉണ്ടെന്നു തോന്നി.. ഞാൻ അങ്ങോട്ട് ഒന്ന് എത്തി നോക്കിയപ്പോൾ അതിനകത്തെ കട്ടിലിൽ തലയിണയുടെ ഒരു വശത്തായി ഒരു കൊന്തയും ഒരു ഇൻഹെലറും കണ്ടു പിന്നെ ആ റൂമിനു വെളിയിൽ അച്ചന്റെ ലോഹ ഉണങ്ങാൻ ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു..
അന്ന് രാത്രിയിൽ ചാപ്പലിൽ അതിക്രമിച്ചു കടന്നവർ വാതിൽ തള്ളിയപ്പോൾ അകത്തുള്ള കുറ്റി പൊളിയുകയും കിടന്നുറങ്ങുകയായിരുന്ന അച്ചനെ കീഴ്പ്പെടുത്തി വായിൽ തുണി തിരുകി വെയ്ക്കുകയും ചെയ്തിട്ടുണ്ടാകാണം. അതുകൊണ്ടാണ് അച്ചന്റെ നിലവിളി പോലും പള്ളിയിലെ ബാക്കിയുള്ള അന്തേവാസികളോ തൊട്ടു മുകളിൽ താമസിക്കുന്ന കപ്യാരോ കേൾക്കാതിരുന്നത്‌. "
ഞാൻ ഇടയ്ക്കു കയറി : " അച്ചനെ ബോധം കെടുത്തിയതും ആകാമല്ലോ... ?"
അലക്സി : " ജോൺ, അത്രയും നേരം ഉറങ്ങി കിടന്ന അച്ചനെ അവർ ബന്ദിയാക്കി വെച്ചത് വീണ്ടും ഉറക്കാൻ അല്ല.. അവർക്ക് അച്ചന്റെ കയ്യിൽ നിന്നും ഒരു കടലാസ് കിട്ടേണ്ടതുണ്ട്.. അത് അപ്പോൾ തന്നെ കിട്ടുകയും വേണം താനും. അവർക്ക് അത് കിട്ടാത്തിടത്തോളം അപ്പോൾ അച്ചൻ ഉണർന്നിരിക്കുക നിർബന്ധമുളള കാര്യം തന്നെയാണ്. അച്ചൻ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാത്ത ഒരവസ്ഥ വന്നു എങ്കിൽ അവർ സ്വയം സമ്മർദ്ദത്തിൽ ആകുകയും ചെയ്തിരിക്കും.. പിന്നെ അവർക്കു മുന്നിലുള്ള ഒരേയൊരു വഴി അവിടമാകെ പരിശോധിക്കുക എന്നതാണ്. അച്ചനെ ചാപ്പലിൽ ബന്ധിച്ച് ഇരുത്തിയ ശേഷം അവർ പള്ളിയിൽ പരിശോധന നടത്തി.. അച്ചൻ ആ കടലാസ് ഒളിച്ചു വെക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അവർ അന്ന് പരിശോധിച്ചു നോക്കി.. അവർക്ക് ആ കടലാസ് മാത്രം ലഭിച്ചില്ല. ലഭിച്ചിരുന്നു എങ്കിൽ അവർ താങ്കളുടെ പിന്നാലെ വരേണ്ട കാര്യമില്ല.. ഒടുവിൽ അവർ അച്ചനെ കൊണ്ട് പോകാൻ തീരുമാനമെടുത്തു.. മോഷണം ആണ് അവരുടെ ഉദ്ദേശം എന്നു പോലീസിനെ ധരിപ്പിക്കാൻ വേണ്ടി സ്വർണ്ണ കുരിശും മറ്റു ചില വില പിടിപ്പുള്ള സ്വർണ്ണങ്ങളും അവർ കൊണ്ട് പോയി. ഇത്രയും കാര്യങ്ങൾ ആണ് അന്ന് രാത്രി സംഭവിച്ചത്‌ എന്നാണ് എന്റെ ഊഹം... ഈ സമീപ പ്രദേശങ്ങളിലെവിടെയോ അവർ അച്ചനെ തടവിൽ സൂക്ഷിക്കുന്നുണ്ട്. അവരുടെ ചോദ്യം ചെയ്യലിൽ എപ്പോഴോ അച്ചനു താങ്കളുടെ പേര് പറയേണ്ടി വന്നു. പക്ഷേ ഒരു കാര്യം ഉറപ്പ് ആ കടലാസ് താങ്കളുടെ കയ്യിൽ ഉണ്ടെന്നു മാത്രമേ അച്ചൻ പറഞ്ഞിട്ടുള്ളൂ അതിലെ ഉള്ളടക്കം എന്താണെന്ന് അച്ചൻ അവർക്ക് ഒരു സൂചനയും നൽകിയിട്ടില്ല എന്ന് മാത്രമല്ല താങ്കൾ ആ കടലാസ് റോമിലെ തിരുസഭയിൽ എത്തിച്ചു കാണും എന്ന് സ്വയം ആശ്വസിക്കുകയും ചെയ്യുന്നു. "
എന്റെ മുഖം കുനിഞ്ഞു പോയി..
അലക്സി :" സാരമില്ല ജോൺ... നമ്മുടെ തെറ്റ് കൊണ്ടല്ലല്ലോ അത് നഷ്ടപ്പെട്ടത്‌....
പക്ഷേ താങ്കളുടെ കയ്യിലെ ആ കടലാസ് അവർ കൊണ്ട് പോയിട്ടും എന്ത് കൊണ്ടായിരിക്കും വീണ്ടും അവർ നമ്മളുടെ പിറകെ വരുന്നത് എന്ന് മനസ്സിലായോ താങ്കൾക്ക് ??
ഞാൻ ഇല്ലെന്നു തലയാട്ടി..
അലക്സി : " ഒന്നുകിൽ അവർക്ക് അതിലെ സന്ദേശം ഡീകോഡ്‌ ചെയ്യാൻ സാധിച്ചില്ല. അല്ലെങ്കിൽ ആ കടലാസിൽ അവർക്ക് വേണ്ട എന്തോ ഒരു രഹസ്യം കിട്ടിയിട്ടില്ല...അതൊരു പക്ഷേ നമ്മൾ ഇന്ന് അച്ചന്റെ കമ്പ്യൂട്ടറിൽ നിന്നും കണ്ടെത്തിയ റോമൻ ഭാഷയിലുള്ള ആ ഫോട്ടോയിൽ ആയിരിക്കാം ഉള്ളത്. "
ഞാൻ ചോദിച്ചു : " അപ്പോൾ ആ ഫോട്ടോയും എന്റെ കയ്യിൽ അച്ചനേൽപ്പിച്ച ആ കടലാസും നോക്കിയാൽ ഒന്ന് മറ്റേതിന്റെ മറുപടി ആണെങ്കിലോ ??"
അലക്സി ചിരിച്ചു കൊണ്ട് : "താങ്കൾ പറഞ്ഞത് 100% സത്യമാണ്, താങ്കളുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട ഫോട്ടോസ്റ്റാറ്റ് കോപ്പി നമ്മൾ ഇന്ന് അച്ചന്റെ കമ്പ്യൂട്ടറിൽ നിന്നും എടുത്ത ഫോട്ടോയിൽ കാണുന്ന കത്തിന്റെ മറുപടി ആണ്. ഒരു പക്ഷേ ക്ലിന്റൻ അച്ചന് അയച്ചു കൊടുത്തതാകാം നമുക്ക് ഇന്ന് കിട്ടിയ കത്തിന്റെ ഫോട്ടോ ഇമേജ്. അതായത് അച്ചൻ താങ്കളുടെ കയ്യിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച കോപ്പി റോമിലെ ക്ലിന്റണ് അച്ചൻ അയക്കേണ്ടിയിരുന്ന മറുപടി ആണ്. പക്ഷേ അച്ചൻ അത് അയാൾക്ക്‌ അയക്കാതെ ഇത്രയും നാൾ കയ്യിൽ സൂക്ഷിച്ചു എങ്കിൽ അതിനർത്ഥം ക്ലിന്റൺ അവരുടെ കസ്റ്റഡിയിൽ ആവുകയോ മറ്റൊ ചെയ്തോ എന്ന അച്ചന്റെ ഭയമാണ്. താങ്കളുടെ കയ്യിൽ ഏൽപ്പിച്ചത്‌ തന്നെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയല്ലേ, അതിനർത്ഥം അച്ചൻ അതിന്റെ ഒറിജിനൽ ആ പള്ളിയിൽ ആരും ശ്രദ്ധിക്കാത്ത ഒരു സ്ഥലത്ത് പരമ രഹസ്യമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്നല്ലേ... ?? അവർ അന്ന് രാത്രി കിണഞ്ഞു പരിശ്രമിച്ചു നോക്കിയിട്ടും അതവരുടെ കയ്യിൽ പെട്ടിട്ടില്ല. ഇനി ഒരു കാര്യം കൂടി പറയാം.. പണ്ടത്തെ ആ ശവപ്പെട്ടി തന്നെയാകണം അവരുടെ ലക്‌ഷ്യം.. അത്കൊണ്ട് തന്നെയാണ് അച്ചൻ ക്ലിന്റണ് അയക്കാൻ വേണ്ടി എഴുതിയ കത്തിൽ അവസാന വരിയിലായി ഒരു രഹസ്യ കോഡ്‌ ആയി ശ്മശാനത്തിന്റെ പൊസിഷൻ കൂടി കൊടുത്തിരുന്നത്.... അതായത് ആ ശവപ്പെട്ടി മറ്റെങ്ങും പോയിട്ടില്ല എന്നാണ് ഞാൻ അനുമാനി
ക്കുന്നു..... അത് നമ്മുടെ പള്ളിയുടെ ഏതോ ഒരു കല്ലറയിൽ ഉണ്ട്... ഒരു പക്ഷേ റിച്ചാർഡ്സണെ അന്ന് അടക്കിയ കല്ലറയിൽ ആകാനും മതി. "
ഞാൻ ഒന്ന് ഞെട്ടി... "താങ്കളുടെ കണ്ടു പിടിത്തങ്ങൾ എല്ലാം പരസ്പരം യോജിക്കുന്നു എന്നത് വളരെ രസകരമായ കാര്യം തന്നെ. പക്ഷേ ഇവക്കു വേണ്ടത്ര തെളിവുകൾ നമുക്ക് ലഭിച്ചിട്ടില്ലല്ലോ.. പിന്നെങ്ങനെ താങ്കൾക്കിത്ര ആധികാരികമായി ഇത്രയും കാര്യങ്ങൾ പറയാൻ സാധിക്കും ??"
അലക്സി ചിരിച്ചു :" മിസ്റ്റർ ജോൺ... നമുക്ക് ആധികാരികമായി തെളിവുകൾ കളക്റ്റ് ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ സാഹചര്യതെളിവുകൾ, ഊഹങ്ങൾ ഇവയൊക്കെ ആണ് സഹായകം.. ഇപ്പോൾ തന്നെ ശവപ്പെട്ടി എന്ന വാക്ക് ശ്മശാനവുമായി ബന്ധപ്പെട്ട് കിടക്കുന്നു.. ശ്മശാനത്തിന്റെ പൊസിഷൻ അച്ചൻ റോമിലേക്ക്‌ റോമൻ ഭാഷയിൽ കത്ത് എഴുതുന്നു എങ്കിൽ നമുക്ക് കാര്യങ്ങൾ ഊഹിക്കാവുന്നതല്ലേ ഉളളൂ. "
" അപ്പൊ ശവപ്പെട്ടിയിൽ എന്തായിരിക്കും എന്ന് താങ്കൾക്ക് എന്തെങ്കിലും ഊഹം ഉണ്ടോ ??"
അലക്സി : " നമ്മൾ ഇത് വരെ മനസ്സിലാക്കിയ കാര്യങ്ങൾ വെച്ചു ഒരു കാര്യം പറയാം 3 പേരാണ് ഈ ഒരു ശവപ്പെട്ടിയുടെ പേരിൽ കൊല്ലപ്പെട്ടത്‌, അതുകൊണ്ടു തന്നെ അതിൽ വില പിടിപ്പുള്ള എന്തോ ഉണ്ടെന്നു തന്നെ പറയാം. നമുക്ക് അത് കണ്ടെത്തിയെ പറ്റൂ... പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ... "
" രാത്രിയിൽ ??"
എന്റെ കണ്ണുകളിൽ ഭയത്തിന്റെ ലാഞ്ചന മിന്നി മറഞ്ഞു..
" താങ്കൾ എന്താണീ പറയുന്നത് ?? കല്ലറ പൊളിക്കാണോ ഉദ്ദേശിച്ചത് ?? ഒരിക്കലും നടക്കാത്ത കാര്യം..., !!! പള്ളിയെ അറിയിക്കാതെ നമുക്ക് ഒന്നും തന്നെ ചെയ്യാൻ സാധ്യമല്ല.. "
അലക്സി : " മിസ്റ്റർ ജോൺ... നമുക്ക് ഈ കേസ് തെളിയിക്കണം എങ്കിൽ കല്ലറ പൊളിച്ചെ പറ്റൂ.... പക്ഷേ നമ്മൾ ഒന്ന് ഹോം വർക്ക് ചെയ്യുന്നത് നല്ലതായിരിക്കും... താങ്കൾ ധൈര്യമായി ഇരിക്കുക... ഒരു കുഞ്ഞു പോലും അറിയാതെ നമ്മൾ ഇന്ന് രാത്രിയിൽ കല്ലറ പൊളിക്കുന്നു... Ok ?
ഞാൻ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു പോയി. പെട്ടെന്ന് അലക്സിയുടെ മൊബൈലിൽ ഒരു വാട്സപ്പ് മെസ്സേജ് വന്നു. അലക്സി മൊബൈൽ എടുത്തു നോക്കി.. അയാൾ ആകെ ഹാപ്പിയായി...
" മിസ്റ്റർ ജോൺ... നമുക്ക് ഇന്ന് കിട്ടിയ റോമൻ ഭാഷയിലെ കത്ത് ഞാൻ ഫോട്ടോ എടുത്തു അയച്ചതിൻ പ്രകാരം എന്റെ പ്രിയ സുഹൃത്തും പ്രൊഫസറുമായ റിക്സൺ എനിക്ക് തർജമ ചെയ്തു മറുപടി അയച്ചിരിക്കുന്നു.. "
ഞാൻ ചാടി എണീറ്റു... ഞങ്ങൾ രണ്ട് പേരും ആ തർജമ കണ്ടു പരസ്പരം നോക്കിപോയി..

(തുടരും )

--------------------------------------------------------------------------------------------------------------------------------------------------

പേര് : ശവപ്പെട്ടിയിലെ രഹസ്യം
രചന : രഞ്ജു കിളിമാനൂർ
ഭാഗം : 3

അതിൽ പരസ്പര ബന്ധം തോന്നാത്ത ചില ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഉണ്ടായിരുന്നത്‌...
1. യൂദാസ് മരിക്കാത്തതിനു കാരണം എന്താണെന്ന് പറയുക ?
2. തിരുശേഷിപ്പ് ഇപ്പോഴും എവിടെയാണ് എന്നറിയാത്ത ശിഷ്യൻമാർ അലഞ്ഞു തിരിയുകയാണ്
3. അത്താഴത്തിൽ കിട്ടിയ അപ്പക്കഷ്ണം തീരെ ചെറുതായിപ്പോയത്രെ.. !
4. തിരുശേഷിപ്പിനെ പറ്റി കണ്ടെത്തുക... ജീസസിന്റെ പാദങ്ങളിൽ അർപ്പിക്കുക.
5. യൂദാസിന് ശിക്ഷ നൽകേണ്ടത്‌ ആരുടെ ധർമ്മമാണ് ??
അലക്സി എന്നെ നോക്കി... " മിസ്റ്റർ ജോൺ താങ്കൾ പറഞ്ഞത്‌ 100% സത്യമാണ്. റാഫെൽ അച്ചൻ ആഴത്തിൽ അറിവുള്ള ആളും എന്നാൽ തികഞ്ഞ ബുദ്ധിശാലിയും കൂടിയാണ്, അയാൾ മാത്രമല്ല ഈ സന്ദേശം അയച്ച ക്ലിന്റനും... രണ്ട് പേരും പരസ്പരം ഉപയോഗിച്ചിരിക്കുന്നത്‌ ബൈബിളിലെ അവസ്ഥാന്തരങ്ങൾ ആയതിനാലും റോമൻ ഭാഷയിൽ ആയതിനാലും വിവരങ്ങൾ മറ്റൊരാൾക്ക് മനസ്സിലാകാൻ തീരെ ബുദ്ധിമുട്ടാണ്. ഇങ്ങനൊരു കത്ത് കയ്യിൽ കിട്ടിയിട്ട് പോലും അവർ താങ്കളുടെ പുറകെ വരുന്നത് അവർക്ക് ഇതിൽ നിന്നും ഒന്നും മനസ്സിലാക്കാൻ സാധിക്കാത്തത്‌ കൊണ്ടാണ്."
ഞാൻ ആകാംഷ അടക്കാൻ പറ്റാതെ ചോദിച്ചു :
"അലക്സി താങ്കൾക്ക് ഇതില് നിന്നും എന്തൊക്കെ മനസ്സിലായി എന്ന് വ്യക്തമാക്കാമോ ??"
അലക്സി :"
യൂദാസ് യേശുവിനെ ഒറ്റിയ ആൾ ആണല്ലോ... ഇവിടെ റിച്ചാർഡ്സൺ‌ എന്ന ഓഫീസർ ശവപ്പെട്ടിയും ആയി കടന്നു കളഞ്ഞു എന്ന് ബ്രിട്ടീഷ് ഗവണ്മെന്റിനെ അറിയിച്ച ഒരാൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അയാളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്‌ എന്ന് ഞാൻ മനസ്സിലാക്കുന്നു. അയാൾ റിച്ചാർഡ്സന്റെ അടുത്ത സുഹൃത്ത്‌ കൂടി ആയിരിക്കണം അതുകൊണ്ടാണ് ഒറ്റുകാരൻ എന്ന രീതിയിൽ സംബോധന ചെയ്തിരിക്കുന്നത്‌. മാത്രമല്ല അയാൾക്ക്‌ 100 വയസ്സിനു മുകളിൽ പ്രായമുണ്ട് താനും.. "
" അത് താങ്കൾക്ക് എങ്ങനെയാണ് മനസ്സിലായത്‌ ??" ഞാൻ ഇടയ്ക്കു കയറി
അലക്സി :" യൂദാസ് മരിക്കാത്തതിന് കാരണം ചോദിച്ചിരിക്കുന്നത്‌ താങ്കൾ ശ്രദ്ധിക്കുക... അയാൾ മരിച്ചിട്ടില്ല എങ്കിൽ 1942 ൽ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്ന അയാൾക്ക്‌ ഇപ്പോൾ എന്ത് പ്രായം ഉണ്ടാകും എന്ന് കണക്ക് കൂട്ടി നോക്കൂ...!!"
"ശരിയാണ്"
അലക്സി തുടർന്നു :" തിരുശേഷിപ്പ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആ ശവപ്പെട്ടിയിൽ നമ്മൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന വില പിടിപ്പുള്ള ആ രഹസ്യമാണ്. ശിഷ്യൻമാർ അയാളുടെ അനുയായികളും... അവർക്ക് അത്‌ എവിടെയാണ് എന്നതിനെ പറ്റി ഒരു സൂചന പോലും ലഭിച്ചിട്ടില്ല എന്നാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്‌..
പിന്നെ അത്താഴത്തിനു കിട്ടിയ കഷ്ണം ചെറുതായി പോയി എന്നത് കൊണ്ട് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അയാൾക്ക്‌ റിച്ചാർഡ്സൺ‌ ശവപ്പെട്ടി സ്വന്തമാക്കാൻ വേണ്ടി ഓഫർ ചെയ്ത ഷെയർ ആകാം.. അത് തീരെ കുറവായത്‌ കൊണ്ടാകാം ഒരുപക്ഷെ അയാൾ റിച്ചാർഡ്സണെ ഗവണ്മെന്റിന് ഒറ്റി കൊടുത്തതും അയാൾ പിടിയിൽ ആയതും ശിക്ഷിക്കപ്പെട്ടതും...
ഇനി അടുത്തത്‌ ആ ശവപ്പെട്ടി കണ്ടെത്തുക എന്നും റോമിലെ തിരുസഭയെ ഏൽപ്പിക്കുക എന്നുമാണ് സൂചിപ്പിക്കുന്നത്‌.. അവസാനത്തേത്‌ അയാൾക്ക്‌ ശിക്ഷ നൽകേണ്ടത്‌ ആരുടെ ധർമ്മമാണ് എന്ന ചോദ്യമാണ്... അതിനുത്തരം ആർക്കും പറയാൻ സാധിക്കില്ല മിസ്റ്റർ ജോൺ... "
ഞാൻ അയാളെ അദ്‌ഭുതത്തോടെ നോക്കി...
" അലക്സി താങ്കൾ ചിന്തിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. ഈ കഴിവ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒന്ന് തന്നെയാണ്. ചെറിയ കാര്യങ്ങളിൽ നിന്നും താങ്കൾ എന്തെല്ലാം മനസ്സിലാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷകനായ ഷെർലക്ക് ഹോംസിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അത് വെറുമൊരു സാങ്കൽപിക കഥാപാത്രം മാത്രമാണ്.. എന്നാൽ താങ്കൾ ശരിക്കും ഉള്ള ഹോംസ് ആണെന്ന് തോന്നി പോകുന്നു... "
അലക്സി ഏറു കണ്ണിട്ട് എന്നെ നോക്കി
" മിസ്റ്റർ ജോൺ നിങ്ങൾക്ക് മറ്റുള്ളവരെ സുഖിപ്പിക്കാൻ നന്നായി അറിയാമല്ലോ...
മണ്ടത്തരങ്ങൾ പറഞ്ഞു നിൽക്കാൻ നമുക്ക് സമയം തീരെയില്ല ജോൺ.. നമുക്ക് കുറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്...
നമുക്ക് ഇന്ന് രാത്രി റിച്ചാർഡ്സന്റെ ശവക്കല്ലറ പൊളിച്ചു നോക്കേണ്ടതുണ്ട്... താങ്കൾ എത്രയും പെട്ടെന്ന് റെഡിയാവുക. "
അയാൾ അതും പറഞ്ഞു പുറത്തേക്ക് പോയി രണ്ട് മണിക്കൂർ കഴിഞ്ഞാണ് മടങ്ങി വന്നത്..
" മിസ്റ്റർ ജോൺ താങ്കൾ ഇതുവരെ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്... അവർ ആ കടലാസ് കിട്ടാൻ വേണ്ടി അച്ചനെ തട്ടിക്കൊണ്ട് പോയി. പക്ഷേ അത് താങ്കളുടെ കയ്യിൽ കിട്ടി എന്നറിഞ്ഞ ശേഷം താങ്കളെ അവർ പിന്തുടരുന്നു. അവരതു തട്ടിയെടുക്കുകയും ചെയ്തു. പക്ഷേ അവർ താങ്കളെ ഉപദ്രവിക്കുകയോ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല ഇത് വരെ. അതിനൊരു കാരണമുണ്ട്... അവർക്ക് ആ കടലാസ് കിട്ടി എങ്കിൽ കൂടി അതിലെ ബൈബിൾ വചനങ്ങൾ എന്താണെന്ന് മനസ്സിലായില്ല.. അത് താങ്കൾ മനസ്സിലാക്കി എങ്കിൽ മാത്രമേ അവർക്ക് ആ ശവപ്പെട്ടിയിൽ എത്തിചേരാൻ സാധിക്കൂ... അന്ന് നിങ്ങൾ എന്നോടൊപ്പം പള്ളിയിൽ വന്നത് അവർ നന്നായി ശ്രദ്ധിച്ചു കാണണം.. പോലീസിന്റെ പെർമിഷൻ വാങ്ങി അകത്തു കയറി പരിശോധിച്ചതിന്റെ ഉദ്ദേശം അവർ മനസ്സിലാക്കി കാണണം.. നമ്മൾ ആ ശവപ്പെട്ടി കണ്ടെത്തും എന്നവർ ഒരു പരിധി വരെ വിശ്വസിക്കുന്നുണ്ട്.. ഇനി അവർക്ക് നമ്മുടെ പുറകെ വരാൻ ആണ് താല്പര്യം എന്ന് ഞാൻ വിശ്വസിക്കുന്നു... "
" അപ്പൊ അലക്സി ഒരു കാര്യം ചോദിച്ചോട്ടെ അവരുടെ കണ്ണ് വെട്ടിച്ചു നമ്മൾ കല്ലറ എങ്ങനെ പൊളിക്കും എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത് ??"
അലക്സി:" ഹഹ എല്ലാ കാര്യങ്ങളും താങ്കൾ മനസ്സിലാക്കിയാൽ നേരിട്ട് കാണുന്നതിന്റെ സുഖം കിട്ടുമോ മിസ്റ്റർ ജോൺ... ? താങ്കൾ അല്പം കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു. പടു വൃദ്ധനായ ഒരു വില്ലനെ നമുക്ക് കണ്ടെത്തണ്ടെ ?? അയാളുടെ അനുയായികളെ എല്ലാപേരെയും പിടിക്കണ്ടേ ?? ശവപ്പെട്ടിയിലെ രഹസ്യം എന്താണെന്ന് നമുക്ക് കണ്ടെത്തണ്ടെ ?? ഇതിനെല്ലാം ഉത്തരം കിട്ടാൻ താങ്കൾ അൽപ്പ സമയം കൂടി കാത്തിരുന്നേ മതിയാകൂ മിസ്റ്റർ ജോൺ "
അയാൾ പുറത്തേക്ക് പോയ സമയം നോക്കി ഞാൻ ഡ്രസ്സ് ചെയ്ത് റെഡി ആയി.. കയ്യിൽ ആയുധങ്ങൾ ഒന്നും തന്നെ ഇല്ല.. ആകെയുള്ളതാകട്ടെ അലക്സിയുടെ കൈവശമുളള ഒരു കോൾട്ട് ഡയമണ്ട് ബാക്ക് മോഡൽ റിവോൾവർ ആണ്. അതാണെങ്കിൽ 6 ബുള്ളറ്റ് സൈക്ളറും... അലക്സിയെ കുറിച്ച്‌ ഞാൻ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ...! പുള്ളി സ്വന്തമായി ഒരു ഡിറ്റക്ടീവ് ഏജൻസി നടത്തുകയാണ്. ഇപ്പോൾ അത്യാവശ്യം കേസുകൾ ഒക്കെയുണ്ട്.. പ്രസിദ്ധമായ ഷേർലി മേരി കൊലക്കേസ് അന്വേഷിച്ചു കണ്ടെത്തിയതിൽ ഇദ്ദേഹത്തിന്റെ പങ്കു വളരെ വലുതാണ്. നമ്മുടെ സിരകളെ ത്രസിപ്പിക്കുന്ന രീതിയിൽ അദ്ദേഹം ആ കൊലപാതകം തെളിയിച്ച രീതികളെ കുറിച്ച് മറ്റൊരിക്കൽ വ്യക്തമാക്കാം...ഇന്നത്തെ ഈ രാത്രിയിൽ എനിക്ക് അല്പം ടെൻഷൻ ഉള്ളത് എന്താണെന്ന് വെച്ചാൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ സംബന്ധിച്ച് എനിക്ക് യാതൊരു രൂപവും ഇല്ല എന്നതാണ്. പെട്ടന്ന് ഡോർ തുറന്ന് അലക്സി അകത്തേക്ക് കയറി വന്നു.
അലക്സി : " മിസ്റ്റർ ജോൺ ഇത് താങ്കളുടെ കയ്യിൽ വെക്കണം.. ( ഒരു പൊതി എന്റെ നേർക്ക്‌ നീട്ടിയിട്ട് ) അതിനുള്ളിൽ ചെറിയ തോതിലുള്ള സോഡിയതിന്റെ ഒരു ദ്രാവക സങ്കരത്തിൽ , ഗ്ലിസറിനും വിറ്റാമിൻ A യുടെ പൊടിയും പ്രത്യേക അനുപാതത്തിൽ ചേർത്ത തരിയുടെ രൂപത്തിലുള്ള ഒരു മിക്സ്ചർ ആണ്. ആ പൊടി കണ്ണിൽ വീണാൽ മിസ്റ്റർ ജോൺ അടുത്ത അര മണിക്കൂർ നേരം താങ്കൾക്ക് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടും..എന്നാൽ ആ അര മണിക്കൂർ കൊണ്ട് തന്നെ സാവകാശം കാഴ്ച തിരിച്ചു കിട്ടുകയും ചെയ്യും. പക്ഷേ കാഴ്ച തിരിച്ചു കിട്ടിയാൽ കൂടി ചെറിയൊരു മങ്ങൽ അവശേഷിച്ചു കൂടെന്നില്ല... പിന്നെ നിങ്ങൾ ഉറങ്ങി എണീറ്റ ശേഷം മാത്രമേ പൂർണ്ണമായ കാഴ്ച തിരിച്ചു കിട്ടുകയുള്ളൂ. ആയതിനാൽ ആവശ്യമുണ്ടെങ്കിൽ മാത്രമേ ഇത് ഉപയോഗിക്കാവൂ... മറ്റൊന്നും കൊണ്ടല്ല താങ്കൾക്ക് തന്നെ വിനയാകാത്ത വിധമാണ് ഉപയോഗിക്കേണ്ടത് എന്നാണ് സൂചിപ്പിച്ചത്‌. "
ഞാൻ ആ പൊതി വാങ്ങി പോക്കെറ്റിൽ സൂക്ഷിച്ചു വെച്ചു.
അലക്സി :" പിന്നെ ജോൺ നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്തിനാണ് പോകുന്നത് എന്നൊന്നും താങ്കൾ തിരക്കാൻ പാടില്ല. എന്നെ അനുഗമിക്കുക മാത്രമാണ് താങ്കൾ ചെയ്യേണ്ടുന്ന ഒരേയൊരു കാര്യം. ഇടയ്ക്കു വെച്ചു പിരിയേണ്ടി വന്നാൽ, താങ്കൾ കൃത്യം 12. 30 നു ശ്മശാനത്തിൽ എത്തുക. വാച്ച്‌ കെട്ടാൻ ഒരു കാരണവശാലും മറക്കരുത്. മൊബൈലിൽ ഫുൾ ചാർജ് ആക്കി വെയ്ക്കുക. എന്നാൽ സൈലന്റ് മോഡിൽ ഇട്ടു വൈബ്രേഷൻ മോഡിൽ തന്നെ ആയിരിക്കണം. നമ്മൾ കൃത്യം 9 മണിക്ക് തന്നെ ഇവിടെ നിന്നും പുറപ്പെടും. തൽക്കാലം ഒരു ഫിയറ്റ് കാർ സംഘടിപ്പിച്ചിട്ടുണ്ട്. അയാൾ ബാഗിൽ എന്തൊക്കെയോ സാധനങ്ങൾ നിറച്ചു. റിവോൾവർ സോക്സിനുള്ളിൽ തിരുകി കയറ്റി.. ഞങ്ങൾ ബാഗുമായി കാറിലെത്തി. അയാൾ ഡിക്കി തുറന്നു നോക്കി. ഒരു പിക്കാസ്, മൺകോരി, ആക്സോ ബ്ലെയ്ഡ്, പ്ലേയർ, തുടങ്ങി സകല സാധനങ്ങളും ഈ രണ്ടെണ്ണം വീതം ഉണ്ടായിരുന്നു. അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു... കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഞാൻ പറഞ്ഞു "അലക്സി ഇത് പള്ളിയിലേക്കുള്ള വഴിയല്ലല്ലോ... "
അയാൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി ചുണ്ടിനു മുകളിൽ ചൂണ്ടു വിരൽ വെച്ച് "ശൂ " എന്ന് ശബ്ദം ഉണ്ടാക്കി. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.. ഇടയ്ക്ക് റിയർ വ്യൂ മിററിൽ കൂടി നോക്കിയപ്പോൾ ഒരു കാർ പിന്തുടരുന്ന പോലെ തോന്നി. ആ കാര്യം ഞാൻ അലക്സിയെ അറിയിച്ചു.. അയാൾ മിററിൽ കൂടി അവരെ ശ്രദ്ധിച്ചു കൊണ്ട് തന്നെ വണ്ടിയോടിച്ചു. ഒരു ഇടവഴിയിലേക്ക് കാർ തിരിഞ്ഞു.. ഞാൻ തിരിഞ്ഞു പുറകിലേക്ക്‌ നോക്കി അൽപ്പം ദൂരത്തിൽ ആണെങ്കിലും ആ ഓടി കാർ പുറകെ തന്നെ ഉണ്ട്.. പെട്ടെന്ന് അലക്സി വണ്ടി നിർത്തി, തൊട്ടടുത്ത് തന്നെ റാന്തലിന്റെ ഒരു ചെറിയ വെളിച്ചം കാണുന്ന ഒരു വീട് ഉണ്ടായിരുന്നു. ഞങ്ങൾ പതിയെ പുറകിലേക്ക് ശ്രദ്ധിച്ചു. ആ കാറും നിർത്തിക്കഴിഞ്ഞു. അലക്സി അവരെ ശ്രദ്ധിക്കാത്ത രീതിയിൽ ഡിക്കി തുറന്ന് എല്ലാ ടൂൾസും എടുത്ത ശേഷം പുറകിലെക്ക് ശ്രദ്ധിക്കാതെ ആ വീട്ടിലേക്ക് നടന്നു. അയാളെ സഹായിച്ചു കൊണ്ട് ഞാൻ പുറകെയും.. ഞങ്ങൾ ആ വീടിനുള്ളിൽ കയറി. അവിടെ ബലിഷ്ഠരായ രണ്ട് പേര് ഉണ്ടായിരുന്നു. അവർ കൂടുതൽ റാന്തലുകൾ കൊളുത്തി വെച്ചു. എന്നിട്ട് ആ വീടിനുള്ളിലെ ഹാളിൽ കുഴി എടുക്കാൻ ആരംഭിച്ചു.. ഞാൻ രഹസ്യമായി അലക്സിയോട് ചോദിച്ചു " അപ്പോൾ താങ്കൾ എന്നോട് പറഞ്ഞത് എല്ലാം കളവ് ആയിരുന്നു അല്ലേ.. ? ഇപ്പോൾ ഈ കുഴി എടുക്കുന്നത് ആ ശവപ്പെട്ടിക്ക് വേണ്ടിയല്ലേ ?? "
അലക്സി ചിരിച്ചു..
" ഞാൻ താങ്കളോട് കള്ളം പറഞ്ഞില്ല മിസ്റ്റർ ജോൺ പക്ഷേ താങ്കൾ ഞാൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കിയതിൽ വന്ന തെറ്റ് കൊണ്ടാണ് ഇപ്പൊ വന്ന സംശയം... "
പെട്ടന്ന് വാതിൽക്കൽ ഒരു ശബ്ദം കേട്ടു... ഞങ്ങൾ തിരിഞ്ഞ് നോക്കി ഒരു വീൽ ചെയറും ഉരുട്ടിക്കൊണ്ട് വന്ന് നിൽക്കുന്ന ബലിഷ്ഠമായ ശരീരത്തോടു കൂടിയ ഒരാൾ.. ആ വീൽ ചെയറിൽ കൂനി പിടിച്ച് ഇരിക്കുന്ന കറുത്ത ഗ്ലാസ് വെച്ച ഒരു പടു വൃദ്ധൻ സായിപ്പ്.. അയാൾ കയ്യിൽ ഇരുന്ന ചുരുട്ട് പുകച്ചു കൊണ്ട് ചോദിച്ചു.. (ഇംഗ്ലിഷിൽ )
"ഗുഡ് ഈവെനിംഗ് മിസ്റ്റർ അലക്സി.. നിങ്ങളുടെ കണ്ടു പിടിത്തങ്ങൾ വളരെ ഇത് വരെ കണ്ടു നിൽക്കുകയായിരുന്നു ഞങ്ങൾ. അതി ബുദ്ധിമാനാണ് താങ്കൾ എന്ന് കേൾക്കാൻ ഇടയായി.. എങ്കിൽ പിന്നെ ഇങ്ങോട്ട് വരുന്നതിനു മുൻപ് താങ്കളെ ഒന്ന് നേരിട്ട് കണ്ടിട്ട് പോകുന്നതാണ് ശരി എന്നെനിക്കും തോന്നി. ഒരു ശവപ്പെട്ടി അന്വേഷിച്ചാണ് ഞങ്ങൾ ഇംഗ്ലണ്ടിൽ നിന്നും ഇവിടെ എത്തിയത്.. അതിവിടെ ഉണ്ട് എന്നറിയാൻ താങ്കളുടെ സഹായം ഞങ്ങൾക്ക് ആവശ്യം ഉള്ളത് കൊണ്ടാണ്, ഇത്രയും നാൾ താങ്കളുടെ ജീവൻ നിലനിർത്താൻ ഞങ്ങൾ സഹായിച്ചത്‌. "
അലക്സി : " താങ്കൾ 1940 കളിൽ ഒരു ബ്രിട്ടീഷ് ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു. ആർക്കിയോളജി ഡിപ്പാർട്ട് മെന്റിൽ മിസ്റ്റർ റിച്ചാർഡ്സനൊപ്പം കുറേ നാൾ പ്രവർത്തിച്ചു. അന്ന് കേരളത്തിൽ നിന്നും ലഭിച്ച പുരാ വസ്തുക്കൾ ഇംഗ്ലണ്ടിലേക്ക്‌ കടത്തുന്ന ഡ്യൂട്ടി നിങ്ങൾക്കും റിച്ചാർഡ്സനും ആയിരുന്നു. പുരാവസ്തുക്കളുടെ കൂട്ടത്തിൽ നിങ്ങൾക്ക് ലഭിച്ച ഒരു ശവപ്പെട്ടിയിൽ നിങ്ങൾ വില പിടിപ്പുള്ള എന്തോ കണ്ടെത്തി. നിങ്ങൾ റിച്ചാർഡ്സനുമൊത്ത്‌ അത് ഗവണ്മെന്റിനെ വെട്ടിച്ചു മറിച്ചു വിൽക്കാൻ തീരുമാനമെടുത്തു..ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റിച്ചാർഡ്സൺ‌ ഒരു ബസിൽ അത് കൊണ്ട് പോകുന്നതിനിടയിൽ ആ ശവപ്പെട്ടിയുമായി കടന്നു കളഞ്ഞു. തന്നെ അയാൾ ചതിച്ചു എന്ന് മനസിലാക്കിയ താങ്കൾ അയാൾ ഒളിച്ചിരുന്ന സ്ഥലം രഹസ്യമായി അറിയുകയും ഗവണ്മെന്റിന് ഒറ്റികൊടുക്കുകയും ചെയ്തു..... അയാളെ ബ്രിട്ടീഷ് നിയമം തൂക്കിലിടുകയും ചെയ്തു.. എന്നാൽ അയാൾ കൊണ്ട് പോയ ശവപ്പെട്ടി കണ്ടെത്താൻ നിങ്ങൾക്ക് ഇത്രയും വർഷം കഴിഞ്ഞിട്ടും ഇതുവരെ സാധിച്ചില്ല. എന്നാൽ സംശയം തോന്നിയ അയാളുടെ മക്കളെ നിങ്ങൾ വധിക്കുകയും ചെയ്തു. ഇപ്പോൾ പിന്നെ നിങ്ങൾ എങ്ങനെയാണ് ഇവിടെയുള്ള ശവപ്പെട്ടിയെ കുറിച്ച് അറിഞ്ഞത് എന്ന് മാത്രം എനിക്ക് മനസ്സിലായില്ല.... !"
അയാൾ മറുപടി പറഞ്ഞു :
" ബുദ്ധിരാക്ഷസനായ അലക്സി എന്ന ഡിറ്റക്ടീവ് ആരാണ് എന്ന് മനസ്സിലാക്കാൻ ഒരവസരം തന്നതിന് ജീസസ് ക്രൈസ്റ്റിന് നന്ദി.. (കുരിശ് വരയ്ക്കുന്നു ). എന്റെ പേര് മാർട്ടിൻ... 7 പതിറ്റാണ്ടുകൾക്കു മുൻപ് ഇംഗ്ലണ്ടിലേക്ക്‌ മടങ്ങിയ എന്റെ 8 പതിറ്റാണ്ടുകൾക്കു മുൻപുള്ള ചരിത്രം വരെ വളരെ വ്യക്തമായി എനിക്ക് മുന്നിൽ വരച്ചു കാട്ടിയ ചിത്രകാരന്റെ കഴിവ് അംഗീകരിക്കാതിരിക്കാൻ സാധ്യമല്ല സുഹൃത്തേ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. ഇംഗ്ലണ്ടിൽ കുടുംബമായി കഴിയുമ്പോഴും എന്റെ മനസ്സിൽ നൂറു നൂറു ചിന്തകൾ ആയിരുന്നു. എന്റെ കയ്യിൽ നിന്നും വഴുതിപ്പോയ കോടികൾ വിലമതിക്കുന്ന ആഡംബര ജീവിതം അതെന്നും ഒരു സങ്കടമായി എന്റെ നെഞ്ചിൽ അവശേഷിച്ചു. പക്ഷേ ഞാൻ പ്രതീക്ഷ കൈ വിട്ടില്ല.. ഇന്റർനെറ്റ് എന്ന അദ്‌ഭുതം വീണ്ടും എന്റെ പ്രതീക്ഷകൾക്കും ജീവിതത്തിനും പുതിയ നിറഭേദം തന്നെ നൽകി. ഗൂഗിൾ സെർച്ച് എന്ന ഓപ്ഷനിൽ ആരെങ്കിലും ഈ ശവപ്പെട്ടിയെ പറ്റി സെർച്ച് ചെയ്‌താൽ അവരുടെ ഡീറ്റെയിൽസ് ലഭിക്കാൻ ഞാൻ ഒരു വെബ്സൈറ്റ് തന്നെ ഡെവലപ്പ് ചെയ്തു. ഹാക്കർമാരെ കൂട്ടി കെണിയൊരുക്കി ഞാൻ കാത്തിരുന്നു..അങ്ങനെയിരിക്കെ റാഫെൽ എന്ന് പേരുള്ള ഒരു പ്രീസ്റ്റ് എന്നെ അന്വേഷിച്ചു എന്റെ വെബ്സൈറ്റിൽ വന്നു.. ലൊക്കേഷൻ ട്രെയ്സ് ചെയ്ത് അയാളെ തിരക്കി ഞാനും എന്റെ കൂട്ടാളികളും ഇങ്ങോട്ടും പോന്നു. ഇയാൾ റോമിലെ മറ്റൊരു പുരോഹിതനുമായി നടത്തിയ ചാറ്റ് ഞങ്ങൾ ജിമെയിലിൽ നിന്നും ഹാക്ക് ചെയ്തിരുന്നു.. എന്നാൽ അതിലെ പരസ്പര ബന്ധം ഇല്ലാത്ത സംഭാഷണങ്ങൾ ഞങ്ങളുടെ മുന്നോട്ടുള്ള വഴിയടച്ചു. തുടർന്നു ഞങ്ങൾ പള്ളിയിലെത്തി അച്ചനെ തട്ടികൊണ്ട് പോയി. എന്നാൽ അച്ചനാണെങ്കിൽ ജോണിനെക്കുറിച്ചല്ലാതെ ഒരു വക വഴി വിട്ടു പറഞ്ഞുമില്ല. പിന്നെ ആകെയുള്ള ഓപ്ഷൻ നിങ്ങളെ പിന്തുടരുക എന്നതായിരുന്നു. നിങ്ങൾ ഞങ്ങളെ ശവപ്പെട്ടിയുടെ തൊട്ടടുത്ത് എത്തിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. (അയാൾ തോക്ക് എടുത്തു ഞങ്ങൾക്ക് നേരെ ചൂണ്ടി... ) ഞങ്ങൾ എല്ലാ പേരും ബന്ധിക്കപ്പെട്ടു.. കാറിൽ നിന്നും റാഫെൽ അച്ചനെ ഞങ്ങളുടെ കൂടെ കൊണ്ട് വന്ന്‌ ഇരുത്തി.. അലക്സി അച്ചനെ ആരാധനയോടെ നോക്കുന്നത് കാണാമായിരുന്നു... അവർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിക്കൊണ്ട് തന്നെ അവിടെയുണ്ടായിരുന്ന ജോലിക്കാരെ കൊണ്ട് കുഴിയെടുപ്പിച്ചു.. ഏകദേശം മണി 12 അടുപ്പിച്ച് എത്തിയപ്പോൾ കുന്താലി എന്തിലോ തട്ടി.. ഞങ്ങളുടെ കയ്യും കാലും ബന്ധിപ്പിക്കപ്പെട്ടിരുന്നതിനാൽ ഞങ്ങൾക്ക് എത്തി നോക്കുക മാത്രമേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.. അതാ അതി പുരാതനമായ ആ ശവപ്പെട്ടി.. ഞാൻ അലക്സിയെ നോക്കി... ആ മുഖത്ത് യാതൊരു ഭാവ ഭേദവും ഇല്ലാ. റാഫെൽ അച്ചനാകട്ടെ നല്ല നിരാശ മുഖത്ത് ഉണ്ടായിരുന്നു.. മാർട്ടിൻ കുഴിക്ക് അടുത്തേക്ക് വന്നു. റാന്തലിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത്‌ ഞാൻ വ്യക്തമായി കണ്ടു... അയാളുടെ കിങ്കരൻമാർ ആ പെട്ടി വലിച്ചു പൊക്കി മുകളിൽ കിടത്തി... രാജകീയ പ്രൌഡ്ഡിയുള്ള ആ ശവപ്പെട്ടി ഒന്ന് കാണേണ്ടത്‌ തന്നെയാണ്.. അതിന്റെ മുകളിലായി സിന്ധു നദീ തട സംസ്ക്കാരത്തെ സൂചിപ്പിക്കുന്ന നിരവധി കൊത്ത് പണികൾ കാണാമായിരുന്നു.. വശങ്ങളിൽ ഈജിപ്ഷ്യൻ മമ്മികളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആ പെട്ടി തുറക്കപ്പെട്ടു.. കുറേ പൊടിയും പുകയും അസഹനീയമായ നാറ്റവും അനുഭവപ്പെട്ടു..

(തുടരും )

----------------------------------------------------------------------------------------------------------------------------------------------

പേര് : ശവപ്പെട്ടിയിലെ രഹസ്യം
രചന : രഞ്ജു കിളിമാനൂർ
ഭാഗം 4

ഒരു നിമിഷം എല്ലാവരും നിശബ്ദരായി....
മാർട്ടിൻ സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞങ്ങൾ അതിനുള്ളിലേക്ക്‌ എത്തി നോക്കി. അതിനുള്ളിൽ അതി പുരാതനമായ ഒരു അസ്ഥികൂടം ഉണ്ടായിരുന്നു. അതിന്റെ പല ഭാഗങ്ങളും പൊടിഞ്ഞു പൊടിഞ്ഞ് ആ പെട്ടിയിൽ അടിഞ്ഞു കൂടിയിരുന്നു. മാർട്ടിൻ ആർത്തിയോടെ അസ്ഥികൂടം വലിച്ചെടുത്ത് പുറത്തിട്ടു. അതിന്റെ കാലിന്റെ ജോയിന്റ് അറ്റുപോയി.. അവിടെമാകെ വല്ലാത്തൊരു നാറ്റം അനുഭവപ്പെട്ടു.. അയാൾ അതിനകത്തു മുഴുവൻ പരിശോധന നടത്താൻ തുടങ്ങി.... അതിന്റെ ഏറ്റവും അടിയിലത്തെ പലകക്കഷ്ണത്തിൽ ഒരു രഹസ്യ അറ രൂപപ്പെടുത്തിയത്‌ പോലെ എന്തോ കാണാൻ സാധിച്ചു. . അയാൾ അതിനകത്തു മുഴുവൻ ചൂണ്ടു വിരൽ കൊണ്ട് പരതി നോക്കി.. ഒരു കടലാസ് കഷ്ണം അയാളുടെ കയ്യിൽ തടഞ്ഞു.... മൊബൈൽ പോക്കറ്റിൽ ഇട്ട ശേഷം അയാൾ ആ കടലാസ് റാന്തലിനു നേരെ തിരിച്ചു പിടിച്ചു നോക്കി. അതിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നുണ്ട് പക്ഷേ വായിക്കാൻ തക്ക വിധം വ്യക്തമായിരുന്നില്ല അതിലെ അക്ഷരങ്ങൾ . കിങ്കരൻമാർ അയാളുടെ സഹായത്തിനെത്തി. വ്യക്തമായി കാണാൻ സാധിക്കുന്നില്ല എന്ന് തോന്നിയത്‌ കൊണ്ടാകാം അവർ വെളിച്ചം ആ കടലാസിലെക്ക് കൂടുതൽ കേന്ദ്രീകരിച്ചു.. കുറെ സമയത്തെ ശ്രമത്തിന് ശേഷം അവർ അതിലെ ഉള്ളടക്കം കണ്ടെത്തി.. "സോറി മിസ്റ്റർ മാർട്ടിൻ.... എന്നെ ചതിച്ചു കൊന്ന താങ്കൾക്ക് ഒരിക്കലും അർഹമായതല്ല ഈ ശവപ്പെട്ടിയിലെ രഹസ്യം.. അത് എത്തപ്പെടെണ്ട സ്ഥലത്ത് തന്നെ എത്തിചേർന്നിരിക്കുന്നു. താങ്കൾ എന്നെങ്കിലും ഈ ശവപ്പെട്ടിയും തിരക്കി ഇവിടെ എത്തുമെന്നെനിക്കു നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു.....അർഹതയില്ലാത്തത്‌ ആഗ്രഹിച്ചു തുടങ്ങുമ്പോൾ ജീവിതത്തിന്റെ അവസാനമെത്തിച്ചേരും..അത് വിധിയാണ്... താങ്കളുടെ പ്രിയ സുഹൃത്ത് റിച്ചാർഡസൺ‌ "
ആ റാന്തൽ വെളിച്ചത്തിലും അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങുന്നത്‌ നല്ല വ്യക്തമായി കാണാമായിരുന്നു. അയാൾ ആകെ തകർന്നു പോയി എന്ന് അയാളുടെ മുഖ ഭാവം വ്യക്തമാക്കുന്നു.. ഞങ്ങളുടെ കൈയിലെയും കാലിലെയും കെട്ടുകൾ അഴിക്കപ്പെട്ടു.. മാർട്ടിൻ തിരിഞ്ഞ് അലക്സിയോട് ചോദിച്ചു.. " എനി വെ, ഇത്രയും ഊഹങ്ങൾ നടത്തിയ താങ്കളുടെ ബുദ്ധി അപാരം തന്നെ മിസ്റ്റർ അലക്സി, ( അയാൾ അലക്സിയുടെ കയ്യിൽ നിന്നും നേരത്തെ പിടിച്ച തോക്കിൽ നിന്നും 6 ബുള്ളറ്റും ഊരിയ ശേഷം തോക്കു തിരികെ നൽകിക്കൊണ്ട് ) സമ്മതിച്ചിരിക്കുന്നു നിങ്ങളെ... പക്ഷേ എനിക്കൊരു സംശയം മാത്രമേ ബാക്കിയുള്ളൂ , എങ്ങനെയാണ് നിങ്ങൾ ഈ ശവപ്പെട്ടി, തീരെ ആളൊഴിഞ്ഞ സ്ഥലത്തുള്ള ഈ വീടിന്റെ ഹാളിലാണെന്ന് മനസിലാക്കിയത്‌ ?? വ്യക്തമാക്കാമോ?? "
അലക്സി : " അത് വളരെ നിസാരമാണ് മിസ്റ്റർ മാർട്ടിൻ.. റോമിലെ പുരോഹിതനായ ക്ലിന്റൻ റാഫെലച്ചനയച്ച കത്തിൽ ഒരു കോഡ്‌ ഉണ്ടായിരുന്നതായി ഞങ്ങൾ മനസ്സിലാക്കി. ആ കോഡ്‌ മിസ്റ്റർ ജോൺ ഡീകോഡ്‌ ചെയ്തപ്പോൾ അതിൽ ഒരു അക്ഷരം മാത്രം തെറ്റിപ്പോയിരുന്നു. പക്ഷേ ജോണിനോട്‌ പോലും ഞാൻ അതേപ്പറ്റി സൂചിപ്പിക്കുകയുണ്ടായില്ല. അയാൾ പറഞ്ഞത് കൃത്യമാണ് എന്ന് തെറ്റിധരിപ്പിക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ ഉള്ള സ്ഥലം കിട്ടാൻ ജോൺ പറഞ്ഞ കോഡിലെ നാലാമത്തെ അക്ഷരമായ A മാറ്റി പകരം C ആക്കിയാൽ മതിയെന്ന് മാപ്പിന്റെ സഹായത്തോടെ തന്നെ കണക്ക് കൂട്ടിയപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.. അതായത് നേരെത്തെ കണ്ടെത്തിയ പള്ളി സെമിത്തേരിയിൽ അല്ല മറിച്ച് രണ്ട് കിലോമീറ്റർ മാറി കാണപ്പെട്ട ഈ വീട്ടിലാണ് ശവപ്പെട്ടി എന്നും വ്യക്തമായി.... അപ്പോൾ തന്നെ ശവപ്പെട്ടിയുടെ രഹസ്യം അറിയാനുള്ള ആകാംഷയിൽ ഞങ്ങൾ ഇങ്ങോട്ടേക്കു തിരിക്കുകയും ചെയ്തു. എന്നാൽ ഞങ്ങളെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് താങ്കളും അനുയായികളും ഞങ്ങളെ പിന്തുടർന്ന് വരികയും ബന്ധനസ്ഥനാക്കുകയും ചെയ്തു. എന്റെ തോക്കു തന്നെ എനിക്ക് നേരെ ചൂണ്ടി ശവപ്പെട്ടി വീണ്ടെടുക്കുന്നത്‌ വരെയും പ്രതികരിക്കാൻ പറ്റാത്ത വിധത്തിൽ ഇരുത്തുകയുമുണ്ടായി. പക്ഷേ എനിക്ക് മനസിലാകാത്ത ഒരേയൊരു കാര്യം ആ ശവപ്പെട്ടിയിലെ രഹസ്യം എന്താണ് എന്നതാണ്..... ഈ ലോകത്തിൽ ആ ഒരു ചോദ്യത്തിന്റെ മറുപടി തരാൻ ഒരാൾക്ക്‌ സാധിക്കുമെങ്കിൽ അത് താങ്കൾക്ക് മാത്രമാണ് മിസ്റ്റർ മാർട്ടിൻ.... ! "
മാർട്ടിൻ ചിരിച്ചു : " ആ രഹസ്യം ഞാൻ ഇല്ലാതാകുമ്പോൾ എന്നോടൊപ്പം തന്നെ മൺമറയുന്നതാണെനിക്കിഷ്ടം സുഹൃത്തേ..... (നെടുവീർപ്പിടുന്നു... ) അപ്പോൾ പിന്നെ ശരി മിസ്റ്റർ അലക്സി...മിസ്റ്റർ ജോൺ.. (രണ്ട് പേർക്കും ഷെയ്ക്ക് ഹാൻഡ്‌ നൽകുന്നു )
ഇനിയൊരു കണ്ടു മുട്ടൽ ഒരു പക്ഷേ ഉണ്ടായെന്നു വരില്ല... എന്തായാലും പരിചയപ്പെടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് "
അയാളുടെ കിങ്കരൻമാർ ആ ശവപ്പെട്ടി പല കഷ്ണങ്ങളാക്കി അവരുടെ വണ്ടിയുടെ ഡിക്കിയിൽ കയറ്റിയ ശേഷം എല്ലാപേരും വണ്ടിയിൽ കയറി... കുഴിയെടുക്കാൻ വന്നവർക്ക് കൂലി കൊടുത്ത ശേഷം അവരുടെ കാറിന്റെ പുറകെ തന്നെ ഞങ്ങളും വീട്ടിലേക്കു തിരിച്ചു.. ഞാൻ ആകെ അസ്വസ്ഥത പ്രകടിപ്പിച്ചു.. എന്നാലും ആ റിച്ചാർഡ്സൺ‌ ആ പെട്ടിക്കുള്ളിലെ അമൂല്യമായ നിധി മാർട്ടിനു കിട്ടാത്ത വിധമാക്കിയല്ലോ..!! പക്ഷേ അയാൾക്കാണേൽ അനന്തരാവകാശികൾ ആരും തന്നെ ഇല്ല താനും... പിന്നെ എങ്ങോട്ടായിരിക്കും ആ സ്വത്ത് വകകൾ പോയിട്ടുണ്ടാകുക?
റാഫെൽ അച്ചൻ :" മിസ്റ്റർ അലക്സി താങ്കൾക്ക് എങ്ങനെയാണ് ഞാൻ ഈ ശവപ്പെട്ടിയുടെ പിന്നാലെയാണ് എന്ന് മനസിലായത്‌ ?? "
അലക്സി :" അച്ചന്റെ കമ്പ്യൂട്ടർ ഞങ്ങൾ മൊത്തം അരിച്ചു പെറുക്കി, അച്ചന്റെ ഗൂഗിൾ സേർച്ച്‌ റിസൾറ്റുകൾ ഉൾപ്പെടെ.. അവ ഫോളോ ചെയ്തപ്പോൾ തന്നെ കാര്യങ്ങളെല്ലാം പകൽ പോലെ വ്യക്തമായി. പക്ഷേ താങ്കൾക്കും ആ കോഡിനെ ഡീകോഡ്‌ ചെയ്യാൻ സാധിച്ചില്ല എന്നത് ശരിക്കും എന്നെ അദ്‌ഭുതപ്പെടുത്തിക്കളഞ്ഞു. "
അച്ചൻ ചിരിച്ചു :" ഞാൻ ഒരിക്കലും അത് ഗൂഗിൾ മാപ്പിലെ പൊസിഷൻ ആണെന്ന് മനസിലാക്കിയില്ല.. ക്ലിന്റണെ സമ്മതിക്കണം.. മറ്റാർക്കും മനസ്സിലാകാത്ത രീതിയിൽ അയാൾ നമുക്ക് ആ ശവപ്പെട്ടിയുടെ പൊസിഷൻ അയച്ചു തന്നു. വിരോധാഭാസം എന്തെന്ന് വച്ചാൽ അത് നമുക്ക് പോലും മനസ്സിലാക്കാൻ സാധിക്കാത്ത വിധമുളള കോഡിങ് ആയിപോയി.. "
ഞാൻ ഇടയ്ക്കു കയറി : " അപ്പോൾ അച്ചനെനിക്ക് തന്ന ആ കടലാസ് എങ്ങനെയാണ് എന്റെ റൂമിലെ അലമാരയിൽ നിന്നും മോഷണം പോയത്‌ ?? അതും ഒരു റൂമും കുത്തി തുറക്കാതെ?അലക്സി പൊട്ടിച്ചിരിച്ചു : " മിസ്റ്റർ ജോൺ നിങ്ങൾക്ക് ഒരു വലിയ മണ്ടത്തരം പറ്റി. അച്ചന്റെ കയ്യിൽ നിന്നും വാങ്ങിയ ആ കടലാസ് അലമാരയിൽ വെക്കുന്നതിന് തൊട്ടു മുന്നേ താങ്കൾ തുറന്നു നോക്കിയിരുന്നതായി പറഞ്ഞല്ലോ....കവർ പൊട്ടിച്ചു തുറന്ന് നോക്കിയ ശേഷം നിങ്ങൾ ആ കടലാസ് കവറിൽ വെച്ച് തന്നെ തിരിച്ച് അലമാരയിലെ രഹസ്യ അറയിൽ വക്കുകയും ചെയ്തു... ഞാൻ സമ്മതിക്കുന്നു... പക്ഷെ ആ കവറിന്റെ ഇടത് വശത്തും വലതു വശത്തും സ്റ്റാപ്ലർ പിൻ അടിച്ച്‌ ഭദ്രമാക്കിയ ശേഷമാണ് അലമാരക്കുള്ളിലെ രഹസ്യ അറയിൽ താങ്കൾ വെച്ചത്.. താങ്കളുടെ ഇരുമ്പ് അലമാരയിലെ ഏറ്റവും താഴത്തെ അറയിലാകട്ടെ 5000, വാട്ട്സിന്റെ ഒരു വലിയ സ്പീക്കറിന്റെ കാന്തം ഒട്ടിയ അവസ്ഥയിൽ ഇരുപ്പുണ്ട് താനും.... ഒരു ഇരുമ്പ് അലമാര മുഴുവൻ ശക്തമായ ഒരു കാന്തമായി പ്രവർത്തിക്കാൻ ഇത് പോരെ ??? രഹസ്യ അറയുടെ ബാക്കിയുള്ള മൂന്ന് വശങ്ങളിലും ന്യൂസ്‌ പേപ്പർ കൊണ്ട് മറച്ചു വെച്ചിരുന്നതിനാൽ ആ കവറിലെ രണ്ട് സ്റ്റാപ്ലറും മുകളിലേക്ക്‌ ആകർഷിക്കപ്പെടുകയും കവർ രഹസ്യ അറയുടെ മുകളിൽ ചെന്നു പറ്റിപ്പിടിക്കുകയും ചെയ്തു. താങ്കൾ പല തവണ അന്വേഷണം നടത്തിയപ്പോഴും കടലാസ് അടങ്ങിയ കവർ ആ അറയിൽ തന്നെ ഉണ്ടായിരുന്നു.. താങ്കൾ ഒന്ന് മുകളിലേക്ക്‌ കൂടി വെട്ടം അടിച്ചു നോക്കിയിരുന്നു എങ്കിൽ കടലാസ് മോഷ്ടിക്കപ്പെട്ടു എന്ന താങ്കളുടെ തെറ്റിധാരണ മാറിയേനെ...നേരെത്തെ ഞാൻ താങ്കളുടെ അലമാര പരിശോധിച്ചപ്പോൾ അലമാരയുടെ മുൻ വശത്ത് ഒട്ടി പിടിച്ച നിലയിൽ രണ്ട് ഒരു രൂപാ നാണയങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു... അപ്പോഴാണ് അലമാര ഒരു കാന്തമായി പ്രവർത്തിക്കുന്നു എന്ന വസ്തുത എനിക്ക് മനസ്സിലായത്‌. ഞാൻ അലമാര തുറന്നു നോക്കിയപ്പോഴാണ് നിങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന സ്പീക്കറിന്റെ കാന്തം ഉൾപ്പെടുന്ന ഭാഗം അലമാരയിൽ ഒട്ടിചേർന്ന്‌ ഇരിക്കുന്നത്‌ ശ്രദ്ധയിൽ പെട്ടതും രഹസ്യ അറയുടെ മുകൾ തട്ടിലേക്ക്‌ എന്റെ നോട്ടം പതിഞ്ഞതും ആ കവർ കണ്ടെത്തിയതും..
ഞാൻ അന്തം വിട്ടു : " അപ്പോൾ ആ കടലാസ് ??"
വണ്ടി ഓടിക്കുന്നതിനിടയിൽ അലക്സി ചിരിച്ചു കൊണ്ട് ആ കവർ എടുത്ത് എന്റെ നേരെ നീട്ടി... ഞാൻ ആകാംക്ഷയോടെ അതിന്റെ മുകളിലും കീഴെയും നോക്കി. ശരിയാണ്.. രണ്ട് സ്റ്റാപ്ലർ അടിച്ച 4 ചെറിയ സുഷിരങ്ങൾ അടയാളങ്ങളായി അവശേഷിച്ചിട്ടുണ്ട്.. അച്ചൻ ചിരിച്ചു..
ഞാൻ ചോദിച്ചു : " അപ്പോൾ അലക്സിക്ക് ഈ കടലാസ് കിട്ടിയായിരുന്നു അല്ലേ.. ?"
അലക്സി ഒന്നും മിണ്ടിയില്ല എന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു..
ഞാൻ അതിലെ റോമൻ അക്ഷരങ്ങളിലെക്ക് നോക്കി.. ഇതില് ഉപയോഗിച്ചിരിക്കുന്ന ബൈബിളിലെ വാചകങ്ങൾ എന്താണെന്ന് പറയാമോ അവയുടെ അർഥങ്ങളും ?? "
അലക്സി : " അത് റൂമിൽ എത്തിയ ശേഷം താങ്കൾക്ക് വ്യക്തമാക്കി തരാം.. ഇല്ലെങ്കിൽ ആ കടലാസ് പല തവണ വായിച്ച നമ്മുടെ റാഫെൽ അച്ചനെ വീണ്ടും കേൾപ്പിച്ചു നമുക്ക് ബോറടിപ്പിക്കേണ്ടി വരും.. "
ഞങ്ങൾ അച്ചനെ പള്ളിയിൽ എത്തിച്ച ശേഷം വീട്ടിലേക്കു മടങ്ങി. അലക്സി പിറ്റേ ദിവസം അച്ചൻ അയച്ച കത്തിന്റെ എല്ലാ വിവരങ്ങളും എനിക്ക് വ്യക്തമാക്കി തന്നു... അടുത്ത ദിവസം മാർട്ടിൻ ഇംഗ്ലണ്ടിൽ നിന്നും അലക്സിയെ വിളിച്ചു കുറേ സമയം സംസാരിച്ചു... റിച്ചാർഡ്സണെ ചതിച്ചതിൽ അയാൾക്ക്‌ വിഷമം ഉണ്ടെന്നു തോന്നിയതായി അലക്സി എന്നോട് പറയുകയുണ്ടായി.... അന്ന് രാത്രിയിൽ ഞങ്ങൾ റാഫെലച്ചനെ കാണാൻ പള്ളിയിലേക്ക്‌ പോയി... അലക്സിക്ക് ഞങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടെന്നു സൂചിപ്പിച്ചു. ഞങ്ങൾ അച്ചന്റെ ചാപ്പലിൽ ഒത്തുകൂടി..
അലക്സി : " അന്ന് ജോണിനെ അച്ചൻ ഏൽപ്പിച്ച ഫോട്ടോസ്റ്റാറ്റ് കടലാസിന്റെ ഒറിജിനൽ എവിടെ ?? "
റാഫെൽ:" എന്നെ അന്ന് തട്ടികൊണ്ട് പോകാൻ അവർ പള്ളിയിൽ എത്തിയപ്പോൾ ഞാൻ ആ ഒറിജിനൽ കത്തിച്ചു കളഞ്ഞു.. "
അലക്സി :" അച്ചന് അത്‌ കിട്ടിയത് തീർച്ചയായും ക്ലിന്റൺ അയച്ച
ഒരു മെയിലിൽ നിന്നായിരിക്കുമല്ലോ, അതെനിക്ക് ഒന്ന് കാണിച്ചു തരാൻ പറ്റുമോ ?? "
റാഫെൽ: " ഈ കേസ് അല്പം നിഗൂഡത നിറഞ്ഞതായതിനാൽ ആ മെയിലുകളെല്ലാം അവ അയച്ച ശേഷം അപ്പോൾ തന്നെ ഞങ്ങൾ ഡിലീറ്റ് ചെയ്യാറുണ്ട്.. പോരാഞ്ഞു ജിമെയിൽ അക്കൌണ്ട് കൂടി ഡിലീറ്റ് ചെയ്തു സേഫ് ആണെന്ന് ഉറപ്പു വരുത്തുകയും ചെയ്യും.. "
അലക്സി :" ശരി താങ്കൾക്ക് ജോൺ പറഞ്ഞ ആ കോഡ്‌ ഓർമ്മിക്കാൻ സാധിക്കുന്നുണ്ടോ ??"
റാഫെൽ: " ഇല്ല മിസ്റ്റർ അലക്സി.. ഞാൻ അത് ഓർത്തെടുക്കാൻ ശ്രമിച്ചു നോക്കിയതാണ്... എന്നാൽ ഓർമശക്തി പഴയ പോലെ അത്ര പോരാത്തതിനാൽ ജോണിനെ പോലെ ഓർമ്മിച്ചെടുക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം... "
അലക്സി : "ശരി ഇനി ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടു നിങ്ങൾ ഞെട്ടരുത്...
നിങ്ങൾ രണ്ട് പേരും കരുതുന്നത്‌ പോലെ മാർട്ടിൻ ഇംഗ്ലണ്ടിലേക്ക്‌ കൊണ്ട് പോയത്‌ യഥാർത്ഥ ശവപ്പെട്ടി അല്ല... !"

ഞങ്ങൾ രണ്ട് പേരും ഒരുപോലെ ഞെട്ടി.. !!
അലക്സി തുടർന്നു :
"മാർട്ടിനെ വഴി തെറ്റിക്കാൻ വേണ്ടി ഞാൻ തയാർ ചെയ്തതാണ്‌ ആളൊഴിഞ്ഞ സ്ഥലത്തെ ആ വീട്.... അവിടെ നമ്മൾ പോയതിന്റെ തലേ ദിവസം ഞാൻ തന്നെ കുഴിച്ചു മൂടിയ ശവപ്പെട്ടിയാണ് അയാൾ കുഴിച്ചെടുത്തത്‌. മലയാള സിനിമയിൽ ആർട്ട് വർക്ക് ചെയ്യുന്ന ഏറ്റവും വലിയ ടീമായ ബ്ലൂബെസ്റ്റ് ആർട്ട്സിന്റെ സഹായത്തോടെ ഞാൻ ആ വീട്ടിൽ പുരാതനമായ ഒരു അസ്ഥികൂടം തയാറാക്കി ഉള്ളിൽ അടക്കിയ ശേഷം ആ ശവപ്പെട്ടി കുഴിച്ചു മൂടുകയായിരുന്നു.... ഡ്രൈയിങ് മെഷീന്റെ സഹായം മണ്ണിലെ നനവ് പെട്ടെന്ന് ഉണക്കാൻ സഹായകമായി. അയാൾക്ക്‌ ഒരു സംശയവും തോന്നാത്ത വിധത്തിൽ കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. അവർക്ക് കുറച്ച് തുക ചെലവായി എങ്കിലും അവർ ജോലി നല്ല വൃത്തിയായി ചെയ്തു...
പക്ഷേ ഞാൻ അന്ന് അങ്ങനൊരു ശവപ്പെട്ടി കുഴിച്ചു മൂടാൻ തീരുമാനിച്ചെങ്കിലും ഒരു ചെറിയ പ്രശ്നം അവശേഷിച്ചിരുന്നു.. റിച്ചാർഡ്സന്റെ കയ്യിലുള്ള ആ ശവപ്പെട്ടി പണ്ട് മാർട്ടിൻ നേരിട്ട് കണ്ടിട്ടുണ്ടെങ്കിൽ ഈ ശവപ്പെട്ടി നാടകം പൊളിയും എന്നതായിരുന്നു ആ പ്രശ്നം. ഒരു പക്ഷേ അങ്ങനെ സംഭവിച്ചാൽ അവരെ ആക്രമിച്ചു പിടി കൂടെണ്ടേ അവസ്ഥയിൽ എത്തിയേനെ കാര്യങ്ങൾ...

മിസ്റ്റർ ജോണിന്റെ കയ്യിൽ ഞാൻ തന്ന ആ പൊടി ഓർമയുണ്ടോ, ഞാൻ നടത്തിയ ആസൂത്രണം പൊളിഞ്ഞു എങ്കിൽ അവരെ കായികമായി നേരിടാൻ ഒരിക്കലും സാധിക്കില്ല എന്നത് കൊണ്ടാണ് ആ പൊടി കരുതിയിരുന്നത്‌. താങ്കൾ നേരത്തെ പൊടി എടുത്തു പ്രയോഗിച്ചു കളയുമോ എന്ന് ഞാൻ ഭയന്നു.. പക്ഷേ അവർ താങ്കളെയും എന്നെയും അഴിക്കാൻ പറ്റാത്ത വിധം കെട്ടി ഇട്ടിരുന്നതിനാൽ ഞാൻ ഭയന്ന പോലെ താങ്കൾ ആ പൊടി എടുത്തു പ്രയോഗിച്ചില്ല.
പക്ഷേ മാർട്ടിനു പെട്ടി കണ്ടിട്ട് തിരിച്ചറിയാൻ സാധിക്കാതെ പോയപ്പോൾ അയാൾ യഥാർത്ഥ പെട്ടി ഒരുപക്ഷെ ഒരിക്കലും നേരിട്ട് കണ്ടിട്ടുണ്ടാകില്ല എന്ന് ഞാൻ മനസിലാക്കി. കണ്ടിട്ടുണ്ടായിരുന്നു എങ്കിൽ നമ്മുടെ നാടകം പൊളിഞ്ഞു പാളിസായേനെ... എങ്കിൽ അവരെ നേരത്തെ സൂചിപ്പിച്ചത്‌ പോലെ ആക്രമിച്ചു കീഴ്പെടുത്തെണ്ടി വന്നേനെ..
ആ ശവപ്പെട്ടിയിൽ അയാൾ പ്രതീക്ഷിക്കുന്ന ഒന്നും ഇല്ലാ എന്ന് അയാൾ നേരിട്ട് കണ്ടു മനസിലാക്കുകയായിരുന്നു എന്റെ ലക്ഷ്യം.. അത് സാധിക്കുന്നതിൽ നമ്മൾ പൂർണമായും വിജയിച്ചു മിസ്റ്റർ ജോൺ... താങ്കൾ ഓർത്ത് പറഞ്ഞ കോഡിൽ A എന്ന ലെറ്റർ ശരിക്കും തെറ്റിയിരുന്നു പക്ഷെ അത് മാർട്ടിൻ വിശ്വസിച്ച പോലെ C അല്ല... "
അലക്സിയെ ഓർത്ത് ശരിക്കും അദ്‌ഭുതം തോന്നി പോയി... അടക്കാൻ ആകാത്ത ആകാംഷയോടെ അച്ചനും ഞാനും ഒരേ ശബ്ദത്തിൽ ചോദിച്ചു :
" പിന്നെ ഏതാണ് ആ അക്ഷരം ??"
അലക്സി ചിരിച്ചു, എന്നിട്ട് കൈയിൽ ഉണ്ടായിരുന്ന റോമൻ ലിപിയിലുള്ള കടലാസ് കോപ്പി സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് കത്തിച്ചു കളഞ്ഞു... അത് ഒരുപിടി ചാരമായി മാറി...
അലക്സി :
"ആ അക്ഷരം ഉൾപ്പെടെ ബാക്കിയുള്ള എല്ലാ അക്ഷരങ്ങളും നമ്മൾ മറക്കുന്നു മിസ്റ്റർ ജോൺ... അതിൽ എന്ത് രഹസ്യം ഉണ്ടായിരുന്നാലും അത് കൈവശപ്പെടുത്താൻ മാർട്ടിനു മാത്രമല്ല നമുക്കും അവകാശമില്ല...നമ്മുടെ നാടിന് ഉപകരിക്കുമെങ്കിൽ അതിന് വിധിക്കപ്പെട്ട ദിവസം ആ രഹസ്യം പുറം ലോകം അറിയട്ടെ... "

(അവസാനിച്ചു )

Author image

Ranju Kilimanoor

രഞ്ജു കിളിമാനൂർ : പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌ കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ.. പ്ലസ് ടു വരെ അവിടെ തുടർന്നു. കണക്കിനോട്‌ പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബിരുദം കണക്കിൽ തന്നെ ആയിക്കോട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.. അങ്ങനെ 2005-ൽ വർക്കല SN കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം കറസ്പോണ്ടൻസായി പിജി ചെയ്തു. എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാൽ 3 മാസം കൊണ്ട് കോഴ്സ് പ

14 comments

Comment author
Albert Flores
5 hours ago

Lorem ipsum dolor sit amet, consectetur adipiscing elit. Proin tellus lectus, tempus eu urna eu, imperdiet dignissim augue. Aliquam fermentum est a ligula bibendum, ac gravida ipsum dictum. Class aptent taciti sociosqu ad litora torquent per conubia nostra, per inceptos himenaeos. Curabitur suscipit quam ut velit condimentum, nec mollis risus semper. Curabitur quis mauris eget ligula tincidunt venenatis. Sed congue pulvinar hendrerit.

Comment author
Jenny Wilson
2 days ago at 9:20

Pellentesque urna pharetra, quis maecenas. Sit dolor amet nulla aenean eu, ac. Nisl mi tempus, iaculis viverra vestibulum scelerisque imperdiet montes mauris massa elit pretium elementum eget tortor quis

Comment author
Ralph Edwards
2 days ago at 11:45

@Jenny Wilson Massa morbi duis et ornare urna dictum vestibulum pulvinar nunc facilisis ornare id at at ut arcu integer tristique placerat non turpis nibh turpis ullamcorper est porttitor.

Comment author
Esther Howard
May 19, 2022

Donec et sollicitudin tellus. Duis maximus, dui eget egestas mattis, purus ex tempor nulla, quis tempor sapien neque at nisl. Aliquam eu nisi ut nisl ultrices posuere. Praesent dignissim efficitur nisi, a hendrerit ipsum elementum sit amet. Vivamus non ante nisl. Nunc faucibus velit at eros mollis semper.

Leave a comment

Please enter your name!
Please provide a valid email address!
Please enter a comment message!